അണങ്കൂരിലെ വാഹനപകടം; കാറോടിച്ചിരുന്ന പടുവടുക്കം സ്വദേശി മരിച്ചു

കാസര്‍കോട് : അണങ്കൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും,ഓട്ടോയിലും , കണ്ടെയനര്‍ ലോറിയിലുമിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന പടുവടുക്കത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നിസാമുദ്ദീനാണ് മരിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.ലോറി ഡ്രൈവര്‍ കര്‍ണാടക പുത്തൂര്‍ സ്വദേശി രാജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ അണങ്കൂര്‍ ദേശീയപാതയിയിലായിരുന്നു അപകടം.അപകടത്തില്‍ പെട്ട രണ്ടുപേരെയും നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ നിസാമുദ്ദീന്‍ മരണപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുന്ന ലോറിയും കാസര്‍കോട് നിന്നും വിദ്യനഗര്‍ പടുവടുക്കത്തേക്ക് പോവുകയായിരുന്ന ആദ്യം കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓട്ടോയിലും പിന്നീട് കാര്‍ ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട പുതിയ കാറുകളുള്ള കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തില്‍ നിസാമുദ്ദീന്‍ സഞ്ചരിച്ച ഫോര്‍ രജിസ്‌ട്രേഷന്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഓട്ടോയും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഓട്ടോറിക്ഷ ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്നു. കണ്ടയിന്‍ ലോറിയിലുണ്ടായിരുന്ന കാറുകളില്‍ മിക്കതും തകര്‍ന്നു. ഒഴിഞ്ഞ സിലിണ്ടര്‍ മാത്രം ലോറിയിലുണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
അപകടവിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തിയായിരുന്നു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

KCN

more recommended stories