മലപ്പുറത്ത് സ്വകാര്യ ബസില്‍ കോളേജ് ബസിടിച്ച് കാസര്‍കോട്ടെ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസില്‍ കോളേജ് ബസിടിച്ച് സീറ്റിന്റെ കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കലക്ട്രേറ്റിന് സമീപം താമസക്കാരനും കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസറുമായ പി. മുഹമ്മദ് ഷരീഫ് (27) ആണ് ദാരുണമായി മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മലപ്പുറം പാണക്കാട് വെച്ചാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ ഷരീഫ് സഞ്ചരിച്ച ബസില്‍ പിറകെ നിന്നെത്തിയ ഏറനാട് നോളജ് സിറ്റി കോളേജിന്റെ ബസിടിക്കുകയായിരുന്നു. പിറകു വശത്ത് ഇരുന്നിരുന്ന ഷരീഫിന്റെ തലയിലേക്ക് കമ്പി തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മലപ്പുറം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട്ടേക്ക് ജോലിക്ക് പുറപ്പെട്ടതായിരുന്നു ഷരീഫ്. മരണവിവരമറിഞ്ഞ് കാസര്‍കോട്ടെ എക്സൈസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.

KCN

more recommended stories