പരിസ്ഥിതി ലോല പരിധിയില്‍ നിന്നും തോട്ടം മേഖലയെ പൂര്‍ണമായും ഒഴിവാക്കും; വിവാദ തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പരിസ്ഥിതി ലോല പരിധിയില്‍ നിന്നും തോട്ടം മേഖലയെ പൂര്‍ണമായും ഒഴിവാക്കാനുള്ള വിവാദ തീരുമാനവുമായി സര്‍ക്കാര്‍. പരിസ്ഥിതി ലോല സംരക്ഷണ നിയമം അട്ടിമറിക്കപ്പെടുമെന്ന ആരോപണവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തു വന്നു. സര്‍ക്കാര്‍ തീരുമാനം മൂലം ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുന്നയിക്കപ്പെടുന്ന തോട്ടങ്ങളില്‍ നിന്നും വ്യാപകമായി മരം മുറിക്കല്‍ നടക്കുമെന്നും, വനഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ തിരിച്ചടി ഉണ്ടാകുമെന്നും നിയമവിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയസഭയില്‍ നടത്തിയ പ്രസ്ഥാവനയിലാണ് പരിസ്ഥിതി ലോല പരിധിയില്‍ നിന്നും തോട്ടം മേഖലയെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച തീരുമാനങ്ങള്‍ സഭയില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ തീരുമാനം പരിസ്ഥിതി ലോല സംരക്ഷണ നിയമത്തില്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കശുണ്ടി, ഏലം, കാപ്പി തോട്ടങ്ങളെയാണ് ഇഎഫ്എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നത്. എന്നാല്‍ മുഴുവന്‍ തോട്ടങ്ങള്‍ക്കും നിയമപരിധിയില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സംശയങ്ങള്‍ക്കിട നല്‍കുന്നു. തീരുമാനം നിലവിലെ വനനിയമങ്ങളെ അട്ടിമറിക്കുമെന്നതാണ് അതില്‍ പ്രധാനം.

ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുന്നയിക്കപ്പെടുന്ന തോട്ടങ്ങളില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തപ്പെടും. വനഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ തിരിച്ചടി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്ലാന്റേഷന്‍ ടാക്സ് പൂര്‍ണമായും ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.

തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതി മരവിപ്പിക്കാനും റബറിന്റെ സീനിയറേജ് പൂര്‍ണമായും എടുത്തുകളയാനും തീരുമാനമുണ്ട്. 2015ല്‍ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്.

KCN

more recommended stories