കനത്തമഴ: കശ്മീരില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; അമര്‍നാഥ് യാത്രക്ക് നിരോധനം

ജമ്മു: ജമ്മുകശ്മീരില്‍ കനത്ത മഴ തുടരുന്നതിനിടെ അമര്‍നാഥ് തീര്‍ഥാടന യാത്രക്ക്? നിരോധനമേര്‍പ്പെടുത്തി. മഴയില്‍ ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബാല്‍താല്‍ റൂട്ട് വഴിയുള്ള അമര്‍നാഥ് യാത്രക്കും കഴിഞ്ഞ ദിവസം നിരോധനമേര്‍പ്പെടുത്തിയിരുന്നു.

അമര്‍നാഥ് യാത്രക്കുള്ള രണ്ട് ബേസ് ക്യാമ്ബുകളിലൊന്നായ പഹല്‍ഗാമില്‍ 27.8 മില്ലി മീറ്റര്‍ മഴയാണ്? ലഭിച്ചത്. കഴിഞ്ഞ ദിവസം എല്ലാ തീര്‍ഥാടകരും രണ്ടു ബേസ് ക്യാമ്ബുകളിലും സുരക്ഷിതമായി എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഝലം നദിയിലെ ജലനിരപ്പ് 21 അടിയിലും മുകളിലേക്ക് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. ഝലം നദിയുടെ അരികെയും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിവേഗം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. 2014ലേതു പോലുള്ള വെള്ളപ്പൊക്കം ഇത്തവണയും ഉണ്ടായേക്കാമെന്ന ഭയത്തിലാണ് ജനം. 2014ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടാവുകയും 300ഓളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

KCN

more recommended stories