കെ.സി.എയില്‍ കൂട്ടരാജി; സെക്രട്ടറിയും പ്രസിഡന്റും രാജിവച്ചു

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ) കൂട്ടരാജി. സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ഒരു വിഭാഗം രാജിവച്ചു. ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് രാജി പ്രഖ്യാപനം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് വിശദീകരണം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമ്ബത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജി വയ്ക്കുകയായിരുന്നു.

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും രാജിവച്ചു. ഇദ്ദേഹം ബി.സി.സി.ഐ പ്രതിനിധിയായി തുടരും. പുതിയ പ്രസിഡന്റ് സാജന്‍ കെ. വര്‍ഗീസും സെക്രട്ടറി ശ്രീജിത്ത് ബി. നായരുമാണ്. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം എന്നാല്‍ സംഘടനയിലെ ഭിന്നതകള്‍ രൂക്ഷമായതിന്റെ അടിസ്ഥാനത്തിയാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കെ.സി.എ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരായ അഴിമതി ആരോപണത്തില്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ നടപടി വന്നിരുന്നു. സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി.സി മാത്യു 2.16 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് ഓംബുഡ്സ്മാന്റെ കണ്ടെത്തല്‍. ഇടുക്കി, കാസര്‍ഗോഡ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിന്റെ മറവില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

കാസര്‍ഗോഡ് സ്റ്റേഡിയത്തിനായി 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിയിലാണ്. സ്റ്റേഡിയം നിര്‍മ്മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചു. ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാന്‍ കണ്ടെത്തി. ടി.സി മാത്യുവിന് താമസിക്കാന്‍ കടവന്ത്രയില്‍ 20 ലക്ഷം രൂപയ്ക്ക് വാടക ഫ്ളാറ്റ് എടുത്തതിലും ക്രമക്കേട് ആരോപണമുണ്ട്. കെ.സി.എയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്.

കെ.സി.എയ്ക്ക് വേണ്ടി സോഫ്റ്റ്വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് ടി.സി മാത്യുവില്‍ നിന്ന് തിരിച്ചു പിടിക്കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. രണ്ട് മാസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം.

KCN

more recommended stories