മത്സ്യത്തില്‍ മായം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും

തിരുവനന്തപുരം: മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്റ്റില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കേന്ദ്ര കൃഷി മന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. കേരളത്തില്‍ പിടിക്കുന്ന മത്സ്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മായം ചേര്‍ക്കാറില്ല. അതേസമയം മത്സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ ചേരുന്നതായി വിവരമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും.

കേരളത്തില്‍ ഈ വര്‍ഷം മത്സ്യോത്പാദനത്തില്‍ 12 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ചെറുമത്സ്യങ്ങളെ പിടികൂടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപയാണ് ഇത്തരക്കാരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത്. കേരളത്തിന്റെ മത്സ്യനയം ഉടന്‍ പ്രഖ്യാപിക്കും. 40,000 ടണ്‍ ആണ് കേരളത്തിന്റെ വളര്‍ത്തു മത്സ്യോത്പാദനം. ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ ജി. ഡി. പി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മത്സ്യോത്പാദനം കൂട്ടുകയെന്നത്. നിലവില്‍ 5400 കോടി രൂപയാണ് മത്സ്യകയറ്റുമതിയിലൂടെ കേരളത്തിന് ലഭിക്കുന്നത്. മത്സ്യ, ചെമ്മീന്‍ കൃഷിക്ക് അനുയോജ്യമായ 68000 ഹെക്ടര്‍ ജലാശയം കേരളത്തിലുണ്ട്. 3000 ഹെക്ടറിലാണ് ഇപ്പോള്‍ കൃഷിയുള്ളതെന്ന് മന്ത്രി പറഞ്ഞു.

KCN

more recommended stories