‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം: ശശി തരൂരിനെതിരെ കേസ്

കൊല്‍ക്കത്ത: വിവാദമായ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കൊല്‍ക്കത്ത കോടതി. ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ആഗസ്ത് 14ന് കോടതിയില്‍ തരൂര്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.

ഇനിയും ബി.ജെ.പി അധികാരത്തില്‍ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.

വിവാദ പ്രസ്താവന പിന്‍വലിച്ച് തരൂര്‍ മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് തരൂരിനെ ഉപദേശിച്ചു. എന്നാല്‍ പ്രസ്തവന പിന്‍വലിക്കാന്‍ തരൂര്‍ തയാറായില്ല.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഹിന്ദുരാഷ്്ട്രമെന്ന ആശയം പാകിസ്താന്റെ കണ്ണാടി ബിംബമാണെന്ന് തരൂര്‍ പറഞ്ഞു. മതമേധാവിത്ത രാഷ്ട്രമായാണ് പാകിസ്താന്‍ രൂപവത്കരിച്ചത്. ഇന്ത്യ ഒരിക്കലും അത് അംഗീകരിക്കുന്നില്ല. ജനസംഖ്യയില്‍ കൂടുതലുള്ള മതത്തിന് മേധാവിത്തം നല്‍കാനാണ് അവരുടെ ശ്രമം. ന്യൂനപക്ഷങ്ങള്‍ക്ക് കീഴാളസ്ഥാനമേ കിട്ടൂ. അതൊരു ഹിന്ദു പാകിസ്താനായിരിക്കും. താന്‍ പറഞ്ഞത് പുതിയ കാര്യമൊന്നുമല്ല. മുമ്ബും പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് പറഞ്ഞുവെച്ചിട്ടുള്ളതാണ് താന്‍ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം അവര്‍ കൈവിട്ടുവെങ്കില്‍, അക്കാര്യമാണ് അവര്‍ പറയേണ്ടതെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

KCN

more recommended stories