കാസര്‍കോട്ട് നിന്നും വ്യാജ നമ്പര്‍ ഉപയോഗിച്ച് ഓടുകയായിരുന്ന ബുള്ളറ്റ് പോലീസ് പിടികൂടി

കാസര്‍കോട്: കാസര്‍കോട്ട് നിന്നും വ്യാജ നമ്പര്‍ ഉപയോഗിച്ച് ഓടുകയായിരുന്ന ബുള്ളറ്റ് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് മറ്റൊരു ബുള്ളറ്റിന്റെ അതേ നമ്പറില്‍ നിരത്തിലോടുകയായിരുന്ന ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സി.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബുള്ളറ്റ് കണ്ടത്. പൊലീസിനെ കണ്ടയുടനെ ബുള്ളറ്റ് ഉപേക്ഷിച്ച് യാത്രക്കാരന്‍ രക്ഷപ്പെടുകയായിരുന്നു. ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത ഉടനെ നമ്പര്‍ നോക്കി പോലീസ് ഉടമസ്ഥനെ വിളിക്കുകയായിരുന്നു. എന്നാല്‍ തന്റെ ബുള്ളറ്റ് വീട്ടില്‍തന്നെ ഉണ്ടെന്നായിരുന്നു പോലീസിന് കിട്ടിയ മറുപടി. തുടര്‍ന്ന് ഉടമയോട് ബുള്ളറ്റുമായി പോലീസ് സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചു. രണ്ട് ബുള്ളറ്റും പരിശോധിച്ച പോലീസ് കസ്റ്റഡിയിലെടുത്ത ബുള്ളറ്റിന്റേത് വ്യാജ നമ്പറാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബണ്ട്വാള്‍ സ്വദേശിയുടെതാണ് വ്യാജനെന്നും പോലീസ് കണ്ടെത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനായാണ് നമ്പര്‍ മാറ്റി ഇത്തരം വ്യാജ നമ്പര്‍ ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു. കാസര്‍കോടും പരിസരങ്ങളിലും വാഹന പരിശോധന നേരത്തെ ശക്തമായിരുന്നു. ഈ അടുത്തകാലത്തായ് വാഹനപരിശോധന കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് കാസര്‍കോട് ആരംഭിച്ചത്.

KCN

more recommended stories