വിദേശത്ത് ജോലിയുള്ളവരുടെ പേര് ചേര്‍ത്ത റേഷന്‍കാര്‍ഡിന് ഇനി ആനുകൂല്യമില്ല

കാസര്‍കോട്: അനര്‍ഹമായി റേഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ നിലവില്‍ കൈവശമുള്ള കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാക്കാനുള്ള സമയ പരിധി അവസാനിക്കാനിരിക്കെ വ്യവസ്ഥയില്‍ അപാകതയെന്ന് ആക്ഷേപം.
ഈ മാസം 31നകം കാര്‍ഡുകള്‍ ഹാജരാക്കി മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കണമെന്നും അനര്‍ഹമായി റേഷന്‍ ആനുകൂല്യം കൈപ്പറ്റിയാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ഭക്ഷ്യ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കാസര്‍കോട് താലൂക്കില്‍ അനര്‍ഹമായി റേഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മുഴുവന്‍ അനര്‍ഹരേയും കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കര്‍ശന പരിശോധനയുടെ ഭാഗമായാണിത്. റേഷന്‍ നല്‍കാനുള്ള കേന്ദ്ര വിഹിതം പര്യാപ്തമല്ലെന്ന പരാതി നിലനില്‍ക്കേ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ആനുകൂല്യം എന്ന നയം കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന ഭക്ഷ്യ വകുപ്പ് കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.അനര്‍ഹമായി റേഷന്‍ വാങ്ങിയാല്‍ ഒരു വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലാത്ത കാര്‍ഡുകളുടെ പട്ടിക പുറത്ത് വന്നതോടെയാണ് വ്യവസ്ഥകളില്‍ അപാകതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഒരേക്കറില്‍ കൂടുതല്‍ വസ്തു ഉള്ളവര്‍, ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ തറയോടു കൂടിയ വീടുള്ളവര്‍, നാലു ചക്ര വാഹനം സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍ പൊതുമേഖല, സഹകരണ വകുപ്പുകളിലെ ജീവനക്കാര്‍, കാര്‍ഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി 25000 രൂപയിലധികം മാസ വരുമാനമുള്ള കാര്‍ഡുകള്‍, വിദേശത്ത് ജോലിയുള്ളവര്‍ ഉള്‍പ്പെട്ട കാര്‍ഡുകള്‍ എന്നിവയാണ് അനര്‍ഹമായ കാര്‍ഡുകളെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആശ്രയിക്കാന്‍ ആരുമില്ലാതെ പഴയ വീടുകളില്‍ താമസിക്കുന്ന വൃദ്ധരെയും ഗള്‍ഫില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന മക്കളുള്ള കുടുംബത്തേയും അനര്‍ഹരുടെ പട്ടികയില്‍പ്പെടുത്തുന്നതാണ് ഈ വ്യവസ്ഥകളെന്നാണ് ആക്ഷേപം. കൂടാതെ ഇടനിലക്കാരായ റേഷന്‍ വ്യാപാരികള്‍ നിയമ വ്യവസ്ഥകളെക്കുറിച്ച് കാര്‍ഡുടമകള്‍ക്ക് വ്യക്തമായ വിവരം നല്‍കാതെ സര്‍ക്കാറില്‍ നിന്നുള്ള വിഹിതം തുടര്‍ന്നും കൈപ്പറ്റിയാല്‍ അതിന്റെ പേരിലും നിയമ നടപടി നേരിടേണ്ടി വരിക കുടുംബനാഥനായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ നയമനുസരിച്ച് റേഷന്‍ കാര്‍ഡില്‍ ഗൃഹനാഥയുടെ പേരാണ് ചേര്‍ത്തിട്ടുള്ളത്. കാര്‍ഡുടമ എന്ന നിലയിലുള്ള എല്ലാ നിയമപരമായ ഇടപാടുകളിലും അഭ്യസ്ഥ വിദ്യരല്ലാത്ത അവശതയനുഭവിക്കുന്ന വൃദ്ധകളായ സ്ത്രീകള്‍ വലിച്ചിഴക്കപ്പെടുന്ന ദുരവസ്ഥയുണ്ടാകുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കേണ്ട ചുമതലയില്‍ അതാത് പ്രദേശത്തെ റേഷന്‍ വ്യാപര ചുമതലയുള്ളവരെയും കൂടി ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒപ്പം വ്യവസ്ഥകളിലെ അപാകതകള്‍ നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

KCN

more recommended stories