അങ്ങില്ലാത്ത കാസര്‍കോടിനെ ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല സര്‍

എബി കുട്ടിയാനം

സര്‍,
അങ്ങില്ലാത്ത കാസര്‍കോടിനെ ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല സര്‍
ഓരോ പ്രശ്നം വരുമ്പോഴും ഓടിവരാനും
സങ്കടം പറയാനും ആണൊരുത്തനായി
ചെര്‍ക്കളം സാര്‍ ഉണ്ട് എന്നത് ഞങ്ങള്‍ക്ക് വലിയ കരുത്തും
ആശ്വാസവുമായിരുന്നു

കണ്ണുരുട്ടി പേടിപ്പിക്കുന്നവന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ധൈര്യം തന്നത് ഞങ്ങള്‍ക്ക് ഞങ്ങളുടെ ചെര്‍ക്കളം സാര്‍ ഉണ്ടെന്ന വിശ്വാസമായരുന്നു

അപ്പുറത്ത് ചെര്‍ക്കളം സാറുണ്ടാകുമ്പോള്‍ ഇപ്പുറത്ത് ഞങ്ങള്‍ സുരക്ഷിതരായിരുന്നു

ആര ഡാ എന്ന് ചോദിക്കുന്നവനോട്
ഞാനാ ഡാ എന്ന് പറയാന്‍ കൂടെ ഒരാളുണ്ടാവുന്നത് വലിയ ഭാഗ്യമായിരുന്നു

സര്‍
നാഥന്റെ വിളി കേട്ട് അങ്ങ് മടങ്ങുമ്പോള്‍
സത്യമായിട്ടും ഞങ്ങള്‍ അനാഥരാവുകയാണ്

ഇനി ഞങ്ങള്‍ക്ക് ആരാണുള്ളത്
മനസ്സ് തകര്‍ന്നുപോവുന്ന നേരത്ത്
ആയിരം പ്രതീക്ഷയോടെ ഇനി ഇവിടേക്കാണ് ഞങ്ങള്‍ പാഞ്ഞുപോകേണ്ടത്
ആരുടെ വാതിലിന്റെ മുന്നിലാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നില്‍ക്കേണ്ടത്
സര്‍,
സത്യമായിട്ടും
എത്രയോ കാലം അങ്ങയെ ഞങ്ങള്‍ മിസ് ചെയ്യും
ഇതുപോലൊരു നായകനെ ഞങ്ങള്‍ക്ക് കിട്ടുകയേയില്ല

പകരക്കാരനില്ലാത്തത് എന്ന് എത്രയോ ദിക്കില്‍ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്
പക്ഷെ അത് എത്രമാത്രം സത്യമാണെന്ന് അങ്ങയുടെ വേര്‍പ്പാടിന് മുന്നില്‍ ഞങ്ങള്‍ തിരിച്ചറിയുന്നു

സര്‍
ഞങ്ങള്‍ക്ക് ടൈം മാനേജ്മെന്റ് പഠിപ്പിച്ചത് അങ്ങായിരുന്നു
ക്ലോക്കിനെ പോലും തോല്‍പ്പിക്കുന്ന അങ്ങയുടെ കൃത്യനിഷ്ഠതയോ നോക്കി ഞങ്ങള്‍ പലപ്പോഴും ആശ്ചര്യപ്പെട്ടുപോയിട്ടുണ്ട്

സര്‍
എത്ര ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാലും അങ്ങയുടെ വേര്‍പ്പാട് മനസ്സിനെ പറഞ്ഞുവിശ്വസിപ്പിക്കാനാവുന്നില്ലല്ലൊ സാര്‍…
പലപ്പോഴും പല സോഷ്യല്‍ മീഡിയക്കാരനും പറഞ്ഞുപറ്റിച്ച മരണവാര്‍ത്തയാണിതെന്ന് കരുതാനാണ് മനസ്സിനിഷ്ടം

സര്‍
ദീനിനേയും സമുദായത്തെയും നെഞ്ചോട് ചേര്‍ത്തുവെച്ച അങ്ങ് ഒരുപാട് ദിവസം അത്യാസന്നനിലയില്‍ കഴിഞ്ഞത്
പരിശുദ്ധമായ വെള്ളിയാഴ്ചയുടെ പുലരിയില്‍ യാത്ര പറഞ്ഞ് പിരിയാനായിരിക്കും, അല്ലെ

ഉപ്പ മരിച്ചുപോയ വേദനപോലെ
മനസ്സിനെ ദു:ഖം പൊതിയുകയാണ്
അല്ലെങ്കിലും ഈ നാട്ടിലെ ഓരോ മനുഷ്യനും
അങ്ങ് ഉപ്പയും സഹോദരനും കൂട്ടുകാരനുമൊക്കെയായിരുന്നല്ലൊ
സര്‍,
സങ്കടത്തോടുകൂടി എന്റെ മനസ്സ് വീണ്ടും ചോദിക്കുന്നു
ഇനി ഞങ്ങള്‍ക്ക് ആരാണുള്ളത്

സര്‍
അങ്ങ് കൊണ്ടുവന്ന വികസനം
അങ്ങ് നേടിതന്ന നേട്ടങ്ങള്‍
അങ്ങ് പകര്‍ന്നുതന്ന പാഠങ്ങള്‍
അങ്ങ് പഠിപ്പിച്ച ജീവിതം
ഒന്നും മറക്കാനാവില്ല സാര്‍
ഈ ഭൂമി ഉള്ളടുത്തോളം കാലം ഈ നാട് അങ്ങെയ നന്ദിയോ ടെ ഓര്‍ക്കും…

സര്‍
ഞാന്‍ ഇനി ഒരു സാങ്കല്പിത ലോകത്ത് ജീവിച്ചോട്ടെ
ചെര്‍ക്കളയിലെ കംസാനക്ക് വില്ലയില്‍ രാവിലെ കയറിവരുമ്പോള്‍ ചെര്‍ക്കളം പത്രംവായിക്കുന്നുണ്ടാകുമെന്ന് ആശിച്ചോട്ടെ

കാസര്‍കോട്ടെ മുസ്ലിം ലീഗ് ഓഫീസ് കാബിനില്‍ ഫയലുകള്‍ക്കിടയില്‍ ചെര്‍ക്കളം സാറുണ്ടെന്ന് കൊതിച്ചോട്ടെ…

ഓരോ വേദിയിലേക്കും ഓരോ ചടങ്ങിലേക്കും ആകാരഭംഗിയോടെ ഞങ്ങളുടെ ചെര്‍ക്കളം സാര്‍ കടന്നുവരുമെന്ന് പ്രതീക്ഷിച്ചോട്ടെ…
ഡേയ്…കുട്ടിയാനം എവിടെയാ ഡാ നീ ഒക്കെ
എന്ന വിളി ഇനിയും കേള്‍ക്കുമെന്ന് ഞാന്‍ മോഹിച്ചോട്ടെ…

KCN

more recommended stories