ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം: പൊലീസ് കേസെടുത്തു

കൊച്ചി: ഹനാന്‍ എന്ന കോളെജ് വിദ്യാര്‍ത്ഥിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹനാന് എതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത് നൂറുദീന്റെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോ ആയിരുന്നു.

പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നൂറുദീനെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പ്രസ്താവനകള്‍ നടത്തുകയും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെയും കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

കോളെജ് പഠനത്തിന് ശേഷം ഉപജീവനമാര്‍ഗത്തിന് മീന്‍വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത ജൂലൈ 25 ന് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഹനാന് സഹായഹസ്തവുമായി നിരവധി ആളുകള്‍ രംഗത്തെത്തി. അരുണ്‍ ഗോപി ചിത്രീകരണം പുരോഗമിക്കുന്ന തന്റെ ചിത്രത്തില്‍ വേഷം നല്‍കാനും തീരുമാനിച്ചു. എന്നാല്‍ 25 ന് വൈകിട്ടോടെ ഹനാന്റെ കഥ തട്ടിപ്പാണെന്നും സിനിമാ പ്രൊമോഷന് വേണ്ടിയുള്ള നാടകമാണെന്നും ആരോപിച്ച് ഒരുസംഘം ആളുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചാരണം നടത്തി. ഇതിന് തുടക്കം കുറിച്ച വ്യക്തികളില്‍ ഒരാളായിരുന്നു നൂറുദീന്‍. തുടര്‍ന്ന് വന്‍ സൈബര്‍ ആക്രമണമാണ് ഹനാന് നേരിടേണ്ടി വന്നത്.

KCN

more recommended stories