ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കും

ദുബൈ: ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കും. ഇതിന് മുന്നോടിയായി ദുബൈയിലെ അല്‍ അവീറില്‍ ആം നെസ്റ്റി സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം മൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന സെന്ററാണിത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകമായി രണ്ട് ടെന്റുകളാണുള്ളത്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ്.

ദുബൈ പോലീസിന്റെ പ്രതിനിധികള്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്നിവരും സെന്ററിലുണ്ടാകും.

പിഴയും വിലക്കുമില്ലാതെ അനധികൃത താമസക്കാര്‍ക്ക് യു എ ഇ വിടാനുള്ള സൗകര്യമൊരുക്കുകയാണ് പൊതുമാപ്പിന്റെ ലക്ഷ്യം. ഒളിച്ചുകടന്നതുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍ക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

പൊതുമാപ്പ് കാലാവധിയില്‍ വിസ സ്റ്റാറ്റസ് മാറ്റാന്‍ ആഗ്രഹിക്കുന്ന്വര്‍ക്ക് ജി ഡി ആര്‍ എഫ് എയുടെ അമര്‍ സെന്ററുകളേയും ആശ്രയിക്കാം. ദുബൈയില്‍ പല ഭാഗങ്ങളിലായി 43 അമര്‍ സെന്ററുകളാണുള്ളത്. ഇവിടെ എമിറേറ്റ്സ് ഐഡി, ലേബര്‍ പെര്‍മിറ്റ്, റസിഡന്‍സി വിസ ലംഘനം തുടങ്ങിയവയിന്മേലുള്ള പിഴ റദ്ദാക്കുന്ന സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാണ്.

അല്‍ അവീറിലെ സെന്ററില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ രാവിലെ 8 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം. പൊതു അവധിദിനങ്ങളില്‍ അവധിയുണ്ട്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് നാല്പതോളം കൗണ്ടറുകളാണിവിടെ സജ്ജമാക്കിയിട്ടുള്ളത്.

KCN

more recommended stories