ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ രംഗത്തിറങ്ങണം: കാനം രാജേന്ദ്രന്‍

കാസര്‍കോട്: തൊഴിലാളി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കുന്നതോടൊപ്പം സാധാരണക്കാരായ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ഭരണഘടനയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട്ട് നടന്ന എ ഐ ടി യു സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിതരായ തൊഴിലാളികള്‍ അവരുടെ സംഘടനാ ശക്തിയും സ്വാധീനവും രാജ്യത്തെ കഷ്ടപ്പെടുന്ന ജനങ്ങളുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ഉപകരിക്കാന്‍ കഴിയണം. ഇങ്ങനെയുള്ള സംഘടനകള്‍ക്ക് മാത്രമേ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായ അംഗീകാരം ലഭിക്കുകയുള്ളു. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്.

തൊഴിലാളികളുടെയും കൃഷിക്കാരുടെയും സാധാരണക്കാരായ ജനങ്ങളുടെയും വിപുലമായ ഐക്യം വളര്‍ത്തികൊണ്ട് ഈ നയത്തിനെതിരെ ചെറുത്ത് നില്‍ക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനം വളര്‍ത്തികൊണ്ടു വരണം. ജനാധിപത്യം ഭരണഘടന, ഭരണ ഘടന സ്ഥാപനം എന്നിവയുടെ സംരക്ഷണം അതിന് ആവശ്യമായിട്ടുള്ള പുതിയ ദിശാബോധം ഉണ്ടാകണം. ഇത്തരം പോരാട്ടങ്ങളില്‍ മുമ്പില്‍ നില്‍ക്കാന്‍ സാധിക്കുന്ന സംഘടിതരായ തൊഴിലാളികള്‍ക്കാണെന്നും കാനം പറഞ്ഞു.

ജനറല്‍ കൗണ്‍സിലില്‍ സംസ്ഥാന പ്രസിഡണ്ട് ജെ ഉദയഭാനു ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ റിപ്പോര്‍ട്ടും വിജയന്‍ കുനിശ്ശേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം ജി ശേഖരന്‍, എച്ച് രാജീവന്‍, വി ബി ബിനു, കെ മല്ലിക, വി കെ പുഷ്പവല്ലി ടീച്ചര്‍, താവം ബാലകൃഷ്ണന്‍, പി സുബ്രഹ്മണ്യന്‍, കവിതാ സന്തോഷ്, കെ അജി, ശ്രീകുമാര്‍, ടി കൃഷ്ണന്‍, പി ലക്ഷ്മണന്‍, എം ശിവകുമാര്‍, കെ എസ് ഇന്ദുശേഖരന്‍ നായര്‍, കെ സി ജയപാല്‍, വാഴൂര്‍സോമന്‍, സി പി സന്തോഷ് കുമാര്‍, ബിജു ഉണ്ണിത്താന്‍,ആര്‍ പ്രസാദ്, ടി കൃഷ്ണന്‍ സംസാരിച്ചു.

KCN

more recommended stories