മത്സ്യമാര്‍ക്കറ്റിലെ സംഘര്‍ഷം: തര്‍ക്കം ഒത്തുതീര്‍പ്പായി

കാസര്‍കോട്: മൊത്തവിതരണക്കാരുടെ ചൂഷണവും ഏജന്റുമാരുടെ ഭീഷണിയും ജീവിതം ദുസ്സഹമാക്കുന്നു എന്ന മത്സ്യവില്‍പ്പനത്തൊഴിലാളി സ്ത്രീകളുടെ പരാതി നിലനില്‍ക്കെ, കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ഉടലെടുത്ത സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം. കടല്‍ ക്ഷോഭവും ട്രോളിംഗ് നിരോധനവും മൂലം പട്ടിണിയിലായ വീടുകളില്‍ നിന്ന് കിലോ മീറ്ററുകള്‍ നടന്നെത്തി സന്ധ്യവരെ മീന്‍ കച്ചവടം നടത്തി മടങ്ങുമ്പോള്‍ നീക്കിയിരിപ്പായി കിട്ടുന്നത് പെരുകുന്ന കടബാധ്യതകളുടെ പട്ടികയാണെന്ന് മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ പരിതപിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി മത്സ്യ മൊത്തക്കച്ചവടക്കാര്‍ തൂക്കത്തില്‍ കൃത്രിമം കാണിച്ച് വഞ്ചിക്കുകയാണെന്ന ഇവരുടെ പരാതിയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് ഇടയാക്കിയത്. പൊലീസിന്റെ ഇടപെടലില്‍ പ്രശ്നം പരിഹരിച്ചു എന്നു പറയുമ്പോഴും പലരും ഇതിനകം ലക്ഷങ്ങളുടെ കടബാധ്യതയില്‍ പെട്ട് നട്ടം തിരിയുകയാണ്.

കൃത്യമായ തൂക്കം കണക്കാക്കി പണം നല്‍കിയാല്‍ മതി എന്ന് ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അതു നടപ്പിലായില്ലെന്നാണ് ഇവരുടെ പരാതി. ഇരുപതും മുപ്പതും കിലോ മത്സ്യം വാങ്ങുമ്പോള്‍ നാലിലൊരു ഭാഗം കുറവുണ്ടാവുന്നത് പതിവായതോടെയാണ് വനിതാ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് പറയുന്നു. ഇത്തരം ചൂഷണത്തിന് വിധേയരായ പല തൊഴിലാളികളും താലിമാല പോലും വിറ്റാണ് കടക്കെണിയില്‍ നിന്ന് കര കയറിയതെന്ന് അവര്‍ പരിതപിക്കുന്നു. ലേലം വിളിച്ചു നല്‍കു ന്നവരും ലോറിയില്‍ നിന്നു മീനിറക്കുന്നവരും തങ്ങളുടെ വിഹിതമായി മൂന്നും നാലും കിലോ മത്സ്യം മാറ്റിവയ്ക്കുന്നതായും പരാതിയുണ്ട്. പൊലീസും മത്സ്യത്തൊഴിലാളികളും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മത്സ്യവില്‍പ്പന ഇന്നലെ പുനരാരംഭിച്ചെങ്കിലും ചൂഷണവും ഭീഷണിയും തുടര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് സൂചനയുണ്ട്.

KCN

more recommended stories