വിടവാങ്ങിയത് ദ്രാവിഡ കോട്ടയുടെ കാവല്‍ക്കാരന്‍

ചെന്നൈ: മുത്തുവേല്‍ കരുണാനിധി ആ പേര് തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സ്നേഹിച്ചാല്‍ ജീവന്‍ വരെ കൊടുക്കുന്ന തമിഴകത്തിന്റെ ആരാധനാമൂര്‍ത്തിയെന്ന വിശേഷണമായിരുന്നു കരുണാനിധിക്ക് എക്കാലവും ലഭിച്ചിരുന്നത്. ഇന്ന് അദ്ദേഹം ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ അന്ത്യശാസം വലിച്ചപ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്ത് പാകിയ ഭൂമി അണപൊട്ടി കരഞ്ഞതും അതുകൊണ്ടാണ്. കരുണാനിധിയുടെ രാഷ്ട്രീയവൈരിയായ ജയലളിത കുറച്ചുനാളുകള്‍ക്ക് മുമ്ബ് വിടവാങ്ങിയിരുന്നു. ഇപ്പോഴിതാ കരുണാനിധിയും.

സിനിമകളിലൂടെ തമിഴകത്തിന്റെ ഇടനെഞ്ചില്‍ കയറിപ്പറിയ കലൈജ്ഞര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരിക്കല്‍ പോലും തോറ്റിരുന്നില്ല. അഥവാ തോല്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. രാഷ്ട്രീയത്തിലും സിനിമയിലും ഒരേപോലെ തിളങ്ങിയ പേരും കലൈജ്ഞര്‍ക്കുണ്ടായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യനായ സിഎന്‍ അണ്ണാദുരൈയുടെ അരുമശിഷ്യനും അനുയായിയുമായിരുന്നു കരുണാനിധി. 1949ല്‍ അണ്ണാദുരൈ ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകമുണ്ടാക്കിയപ്പോള്‍ യാതൊരു മടിയും കൂടാതെ അതിന്റെ ഭാഗമായി. പിന്നീട് ഈ പാര്‍ട്ടി തമിഴകത്തിന്റെ കേഡര്‍ പാര്‍ട്ടിയായി മാറുന്നതാണ് കണ്ടത്. പിന്നോക്ക വിഭാഗത്തിന്റെ എക്കാലത്തെയും മികച്ച നേതാവെന്ന പേരും കലൈജ്ഞര്‍ക്കുള്ളതായിരുന്നു.

1969ലാണ് കരുണാനിധിയുടെ തലവര മാറിമറിഞ്ഞത്. അണ്ണാദുരൈ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലെത്താനും അദ്ദേഹത്തിന് സാധിച്ചു. 13 തവണയാണ് അദ്ദേഹം സഭയിലെത്തിയത്. 1957ന് ഒരിക്കല്‍ പോലും അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല. അതേസമയം എംജിആറുമായുള്ള ശത്രുത തന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട കാര്യമായിരുന്നെന്ന് തുറന്ന് പറയാനും കലൈജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. അണ്ണാഡിഎംകെയുടെ പിറവിയും ഈ ശത്രുതയില്‍ നിന്നായിരുന്നു.

KCN

more recommended stories