എം.എ റഹ്മാന് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

മലപ്പുറം : ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് കാസര്‍കോട് ഉദുമ സ്വദേശി എം എ റഹ്മാന് ലഭിച്ചു. എം എ റഹ്മാന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഓഗസ്റ്റ് 13 ന് കോഴിക്കോട് രവീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് കെ. രാഘവന്‍ എം.പി എം എ റഹ്മാന് സമ്മാനിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകവും അതുമായി ബന്ധപ്പെട്ട് അദ്ദേഹം നിരന്തരമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഈ വര്‍ഷത്തെ ഹ്യൂമാനിറ്റിറേയന്‍ അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയര്‍മാന്‍ പ്രൊഫ. എം. അബ്ദുല്‍ അലി, സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മുഖ്യ രക്ഷാധികാരി ഡോ. ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര രേഖയാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ’് എന്ന പുസ്തകം. അധികാരി വര്‍ഗവും അവര്‍ക്ക് വേണ്ടി ദാസ്യ വേല ചെയ്യുന്ന ശാസ്ത്രജ്ഞന്‍മാരും ചേര്‍ന്ന് അനാഥമാക്കി കളഞ്ഞ ജീവിതമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടേത്. അരിക് വല്‍ക്കരിക്കപ്പെട്ട ഈ ജീവിതങ്ങള്‍ ലോക മനസാക്ഷിയുടെ മുമ്പില്‍ വേദനിപ്പിക്കുന്ന ചോദ്യമായി നില്‍ക്കുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. നീതിക്ക് വേണ്ടി പോരാടുമ്പോള്‍ തന്നെ അതിനകത്തെ ധാര്‍മികതയുമായി ഏറ്റുമുട്ടേണ്ടി വരികയും വാക്കിനെ പൊറുതികെട്ട സഞ്ചാരത്തിന് വായ്ക്കരിയാക്കി മാറ്റുകയുമാണ് റഹ്മാന്‍.

കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളിലും റഹ് മാന്‍ ശ്രദ്ധേയനാണ്. അരീക്കോട് എസ് എസ് സയന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും കവിയത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്മാനാണ് ഭാര്യ. ഈസ റഹ്മാന്‍ മകനാണ്.

ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ, സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഖത്തര്‍ ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ).

KCN

more recommended stories