പ്രളയത്തിന്റെ മറവില്‍ വിലകൂട്ടി വിറ്റു: 22 കടകള്‍ക്ക് നോട്ടീസ്

തൃക്കാക്കര: തൃക്കാക്കരയില്‍ വെള്ളപ്പൊക്കദുരിതത്തിന്റെ മറവില്‍ വില വര്‍ധിപ്പിച്ച് വില്പന നടത്തിയ 22 വ്യാപാരസ്ഥാപനങ്ങള്‍ക്ക് സപ്ലൈ ഓഫീസര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക്, സിറ്റി സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

86 വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചു. വില വര്‍ധിപ്പിച്ച് വിറ്റതിനും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതിനുമാണ് നടപടി. 32 പലചരക്ക് കടകളും 52 പച്ചക്കറിക്കടകളും രണ്ടു ഹോട്ടലുകളുമാണ് പരിശോധിച്ചത്. തൃക്കാക്കര നഗരസഭാപരിസരത്ത് ക്രമാതീതമായി വില വര്‍ധിപ്പിച്ച് വില്പന നടത്തിയ വി കെ മാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. നാട്ടുകാരും ജനപ്രതിനിധികളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ച് പിഴ ഈടാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.

KCN

more recommended stories