പൊല്‍സോട് പൊല്‍സില്‍ പൊല്‍സായി നിറഞ്ഞു നിന്നത് ഞങ്ങളുടെ റദ്ദുച്ച

പി ബി അബ്ദുറസാഖ് എം എല്‍ എ ദുബായില്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ദുബായ് കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘പൊല്‍സോട് പൊല്‍സ്’ എന്ന സ്‌നേഹ സംഗമമായിരുന്നു.

ചരിത്രം കുറിച്ച മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഏപ്രില്‍ 20ന് ദുബായിലെ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമമാണ് പൊല്‍സോട് പൊല്‍സ്.ഉദ്ഘാടകനായിരുന്നു റദ്ദുച്ച. കാസറകോട് ജില്ലയിലെ തന്നെ നൂറ്കണക്കിന് കുടുംബിനികളും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചുല്ലസിച്ച സംഗമമാക്കി മാറ്റാന്‍ റദ്ദുച്ചാന്റെ സാന്നിധ്യം കൊണ്ട് സാധിച്ചു.
നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗവും എല്ലാവരേയും കൈകൊട്ടി താളം പിടിപ്പിച്ച് പഴയകാലമാപ്പിളപ്പാട്ടും പാടി വേദിയില്‍ നിറഞ്ഞു നിന്നതും റദ്ദുച്ച തന്നെ.

ഔദ്യോഗിക പരിപാടികളൊന്നുമില്ലാതെ മക്കളെ കാണാന്‍ വന്ന ഒരു സ്വകാര്യ സന്ദര്‍ശനമായിരുന്നു അത്. പക്ഷേ സ്വന്തത്തേക്കാളും കുടുംബത്തേക്കാളുമുപരിയായ് താന്‍ സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച റദ്ദുച്ച കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ക്ഷണം സസന്തോഷം സ്വീകരിക്കുകയായിരുന്നു.

മഞ്ചേശ്വരത്തിന്റെ എം എല്‍ എ ആയി പ്രവര്‍ത്തനങ്ങളില്‍ മുഴുകുംബോഴും ജനിച്ചമണ്ണും വളര്‍ത്തിയ നാടുമായ ചെങ്കളയോടൊപ്പം ഒരുപാട് സമയം ചിലവിടാന്‍ സമയം ശ്രമിക്കുമായിരുന്നു.

ദുബായ് കെ എം സി സി കാസറകോട് ജില്ലാ ട്രഷറര്‍
മുനീര്‍ ചെര്‍ക്കളയാണ് സ്വകാര്യ സന്ദര്‍ശനത്തിന് റദ്ദുച്ച ദുബായില്‍ എത്തിയവിവരം തന്നത്. ചെങ്കള പഞ്ചായത്ത് കെ എം സി സിയുടെ പൊല്‍സോട് പൊല്‍സിനെ കുറിച്ച് റദ്ദുച്ചായെ അറിയിച്ചതും ഉദ്ഘാടനത്തിന് ക്ഷണിച്ചതും മുനീര്‍ മുഖാന്തരം തന്നെ.

നിശ്ചയിച്ച സമയത്തിനും അല്‍പം താമസിച്ചാണ് പരിപാടി തുടങ്ങിയത്.
അബൂദാബിയില്‍നിന്നും ദുബായിലേക്കുള്ള റോഡ് ഗതാഗതകുരുക്കിലാണെന്നും എത്താന്‍ കാത്തിരിക്കരുത് പരിപാടി തുടങ്ങിക്കൊള്ളാനും റദ്ദുച്ച വിളിച്ചു പറഞ്ഞു. ജനങ്ങളെ മുഷിപ്പിക്കുന്നത് ഒട്ടും ഇഷ്ടമല്ലാതിരുന്ന റദ്ദുച്ച എളിമയുട ആള്‍രൂപമായിരുന്നു. നാട്യങ്ങളില്ലാത്ത നേതാവ്.
ജനങ്ങളിലേക്ക് ഇറങ്ങിവന്ന് ജനങ്ങളിലൊരാളായി ജീവിച്ച നേതാവ്.
ഏല്‍പിക്കപ്പെട്ട സ്ഥാനമാനങ്ങള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്ന നേതാവിന് അലങ്കാരങ്ങളായി സ്ഥാനങ്ങള്‍ ഒന്നൊന്നായ് തേടിവരികയായിരുന്നു.

യൂത്ത് ലീഗ് പ്രവര്‍ത്തകനായി രാഷ്ട്രീയം തുടങ്ങിയത് 1967ല്‍
1974ല്‍ മുസ്ലിം ലീഗില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഔദ്യോഗിക പക്ഷത്ത് ശക്തമായി ഉറച്ചു നിന്നു.
യൂത്ത് ലീഗ് ശാഖാ ജനഃസെക്രട്ടറിയായി 1975ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയം വളണ്ടിയര്‍ വൈസ് ക്യാപ്റ്റനായി യുവനിരയെ നയിക്കാനുള്ള ദൗത്യവും ഏല്‍പിക്കപ്പെട്ടതും റദ്ദുച്ചാനെയായിരുന്നു.

1979 -90 കാലഘട്ടം ബിസിനസ് ആവിശ്യാര്‍ത്ഥം സംസ്ഥാനത്തിന് പുറത്തായിരുന്നതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു.
1990ല്‍ നാട്ടില്‍ തിരിച്ചുവന്ന് മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമായി.
മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനഃസെക്രട്ടറിയായത് 1995ല്‍
1997ല്‍ കാസറകോട് മണ്ഡലം മുസ്ലിം ലീഗ് ജനഃസെക്രട്ടറിയായി.
മുസ്ലിം ലീഗിന് മൃഗീയഭൂരിപക്ഷമുള്ള ചെങ്കള ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റമുണ്ടായത് 2000ലാണ്. പഞ്ചായത്ത് ഭരണത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിരവധി അവാര്‍ഡുകള്‍ പഞ്ചായത്ത് ഭരണസമിതിയെ തേടിയെത്തുകയായിരുന്നു.

2003ല്‍ ജില്ലാ മുസ്ലിം സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലറുമായി.
2008ല്‍ ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍
2009 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
2011 മുതല്‍ മഞ്ചേശ്വരം എം എല്‍ എ.

നിലവില്‍ വഹിച്ചു കൊണ്ടിരുന്ന മറ്റു സ്ഥാനങ്ങള്‍-
മാനേജര്‍ ALP സ്‌കൂള്‍ പാടി.
മാനേജര്‍ ALP സ്‌കൂള്‍ കുടാല്‍ മെര്‍ക്കള.
ചെയര്‍മാന്‍ PBMHSS നെല്ലിക്കട്ട.
മാവിനക്കട്ട PBM സ്‌ക്കൂളിന് ഫൗണ്ടേഷന്‍ നല്‍കി.
പ്രസിഡന്റ് നീര്‍ച്ചാല്‍ ജുമാമസ്ജിദ്.
പ്രസിഡന്റ് നെല്ലിക്കട്ട മുഹ്യദ്ദീന്‍ ജമാഅത്ത്.
വൈസ് പ്രസിഡന്റ് ആലംപാടി യത്വീം ഖാന.
ആക്ടിംഗ് പ്രസിഡന്റ് സംയുക്ത ജമാഅത്ത് കാസറകോട്.
ജനഃസെക്രട്ടറി സുന്നീമഹല്‍ ഫെഡറേഷന്‍ കാസറകോട്.

മുന്‍പ് വഹിച്ചിരുന്ന സ്ഥാനങ്ങള്‍
ഡയറക്ടര്‍ KREWS തിരുവനന്തപുരം.
ജില്ലാ വികസന സമിതി കാസറകോട്.
ട്രഷറര്‍ ഓള്‍ കേരള ക്രഷറര്‍ അസോസിയേഷന്‍.
പ്രസിഡന്റ് ക്രഷറര്‍ അസോസിയേഷന്‍ കാസറകോട്.
മാനേജിംഗ് പാര്‍ട്ണര്‍ തൗസഫി ഗ്രാനൈറ്റ് നെല്ലിക്കട്ട.

പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ റദ്ദുച്ച നടന്നുകയറിയ മേഖലകളിലെല്ലാം പ്രവര്‍ത്തനമികവ് അടയാളപ്പെടുത്തിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു.

തിരഞ്ഞെടുപ്പില്‍ ജയിച്ചുകേറാന്‍ മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ ഉണ്ടായിരിക്കെ ഇജങ ന്റെ സിറ്റിംഗ് സീറ്റില്‍ മത്സരിച്ച് വലിയ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു.

റദ്ദുച്ചയുടെ ആകസ്മിക മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ പ്രവാസിസമൂഹവും വിതുംബുകയാണ്.

‘പൊല്‍സോട് പൊല്‍സ് ദുബായിലെ അവസാനത്തെ പൊതുപരിപാടിയാണെന്ന് മനസ്സ് മന്ത്രിച്ചുവോ ‘ ?

പൊല്‍സാട് പൊല്‍സിനെത്തിയ മുഴുവനും ആളുകള്‍ക്കും എന്നെന്നും ഓര്‍ത്തുവെക്കാന്‍ നിരവധി മുഹൃത്തങ്ങള്‍ സമ്മാനിച്ച റദ്ദുച്ച …!

പൊല്‍സോട് പൊല്‍സിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ അയവിറക്കി പ്രവാസിസമൂഹം ഓര്‍മ്മകള്‍ കൈമാറുന്നു.

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍….!

നാട്യങ്ങളില്ലാതെ ജനസേവനം ജീവിതചര്യയാക്കിയ മഹാമനീഷി വികസനത്തിന്റെ വേലിയേറ്റം തന്നെ നടത്തി ചരിത്രത്തിലേക്ക് നടന്നു കയറി.
വളരുന്ന തലമുറകള്‍ക്ക് പഠിക്കാനും പിന്‍തുടരാനുമുള്ള പാഠശാലയാക്കി സ്വജീവിതത്തെ തുറന്നപുസ്തമാക്കിയ ആ വലിയ മനുഷ്യന്‍ വിടവാങ്ങുംബോള്‍ കാസറകോടിന്റെ വിടവുകള്‍ കൂടിക്കൂടിവരികയാണ്. നികത്താനാവാത്ത വലിയ വലിയ വിടവുകള്‍ ഒന്നിനുപിറകെ മറ്റൊന്നായ്.

അദ്ദേഹം ഭൂമിയില്‍ ചെയ്തുവെച്ച നന്‍മകള്‍ ബര്‍സഖില്‍ വെളിച്ചമാവട്ടേ….
നാളെ ജന്നാത്തുല്‍ നഈമില്‍ നാഥന്‍ അവരേയും നമ്മേയും സലഫിസാലീഹിങ്ങളോടൊപ്പം ഒരുമിച്ച് ചേര്‍ക്കട്ടേ ആമീന്
ഇബ്രാഹിം ഐ പി എം, പ്രസിഡന്റ് ദുബായ് കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

KCN

more recommended stories