രോഗപ്രതിരോധത്തിന് വെണ്ടയ്ക്ക

വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും. ഇത്രയധികം പോഷകങ്ങളുളള വെണ്ടയെ ഒരു ചെടി എന്നെങ്കിലും പരിഗണിച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെടിച്ചട്ടിയിലുമൊക്കെ വളര്‍ത്തിയാല്‍ ഇഷ്ടംപോലെ ശുദ്ധമായ വെണ്ടയ്ക്ക അടുക്കളയിലെത്തും. കലോറി കുറഞ്ഞ പച്ചക്കറി. സാച്ചുറേറ്റഡ് ഫാറ്റും കൊളസ്‌ട്രോളുമില്ല. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക ഉത്തമം.

വെണ്ടയ്ക്കയിലുളള Mucilaginous നാരുകള്‍ ആമാശയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളളില്‍ സുരക്ഷിത ആവരണം തീര്‍ത്ത് ആമാശയ അള്‍സറില്‍ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം കുടലിലൂടെയുളള ആഹാരത്തിന്റെ ചലനം സുഗമമാക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുന്നു. വെണ്ടയ്ക്കയിലുളള ജലത്തില്‍ ലയിക്കാത്ത തരം നാരുകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രത്യേകിച്ച് അന്നനാളം മാലിന്യവിമുക്തമാക്കുന്നു. ഇതു കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. കുടലിലുളള മിത്ര ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നതിനും വെണ്ടയ്ക്ക സഹായകം. കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും നാരുകള്‍ സഹായകം. വെണ്ടയ്ക്കയിലുളള നാരുകള്‍ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുന്നു. കൂടാതെ അതിലുളള eugenol പ്രമേഹത്തിനെതിരേ പോരാടുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്

വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എയും ഫ്‌ളേവനോയ്ഡ് ആന്റി ഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, സാന്തയിന്‍, ല്യൂട്ടിന്‍ എന്നിവയും കണ്ണുകള്‍ക്കു പ്രിയങ്കരം. ചര്‍മം, മ്യൂകസ് സ്തരം എന്നിവയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ എ അവശ്യം. ശരീരകോശങ്ങളില്‍ ഊര്‍ജം നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി മാലിന്യങ്ങള്‍ ഉണ്ടാകുന്നു. ഇവയാണ് ഫ്രീറാഡിക്കലുകള്‍. ഇവ കോശങ്ങളില്‍ അടിഞ്ഞുകൂടുകയാണു പതിവ്. ഫലം കോശങ്ങളുടെ നാശം. കാഴ്ച അനുഭവപ്പെടുത്തുന്ന കണ്ണുകളിലെ കോശങ്ങളെയും ഫ്രീറാഡിക്കലുകള്‍ വെറുതേ വിടില്ല. ജൈവരീതിയില്‍ വിളയിച്ച വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ചശക്തി മെച്ചമായി നിലനിര്‍ത്താം. മാകുലാര്‍ ഡീജനറേഷന്‍, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനും സഹായകം. പക്ഷേ, കീടനാശിനികളില്‍ കുളിച്ചുനില്‍ക്കുന്ന വെണ്ടയ്ക്കയില്‍ ഫ്രീറാഡിക്കലുകളുണ്ട്. അതിനാല്‍ വെണ്ട നട്ടാല്‍ രണ്ടാണു കാര്യം. കീശ കാലിയാകുന്നതു തടയാം, പിന്നെ കീടനാശിനികളില്ലാത്ത വെണ്ടയ്ക്ക കഴിക്കാം.
രോഗപ്രതിരോധശക്തിക്ക്

വെണ്ടയ്ക്കയിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശക്തിക്ക് മുതല്‍ക്കൂട്ടു തന്നെ. രോഗാണുക്കളോടും അന്യപദാര്‍ഥങ്ങളോടും പോരാടുന്നതിനു കൂടുതല്‍ വെളുത്ത രക്താണുക്കളെ സൃഷ്ടിക്കാന്‍ വിറ്റാമിന്‍ സി പ്രേരണചെലുത്തുന്നു.

ജലദോഷം, ചുമ തുടങ്ങിയവയ്‌ക്കെതിരേ പോരാടുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും ആസ്ത്്മയില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും സഹായകം.

ബിപി കുറയ്ക്കുന്നതിന്

രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആര്‍ട്ടീരിയോ സ്‌ക്‌ളീറോസിസിനുളള സാധ്യതയും കുറയ്ക്കുന്നു.

വെണ്ടയ്ക്കയിലുളള ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയില്‍ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിര്‍ത്തുന്നതില്‍ പൊട്ടാസ്യത്തിനു പങ്കുണ്ട്.

വിറ്റാമിന് എ

വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.

ഗര്‍ഭിണികള്‍ക്ക്

സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗര്‍ഭിണികളുടെ. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളം. ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകള്‍ അവശ്യം. 4 മുതല്‍ 12 വരെ ആഴ്ചകളിലെ ഗര്‍ഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്.

വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. ഗര്‍ഭകാലത്തെ വിളര്‍ച്ച തടയുന്നതിനും അതു സഹായകം. അതിനാല്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം.

KCN

more recommended stories