പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ കെ.സി. ഭാസ്‌കരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട്ടെ അറിയപ്പെടുന്ന സോഷ്യലിസ്റ്റും തപാല്‍ വകുപ്പ് ജീവനക്കാരുടെ സംഘടനാനേതാവുമായിരുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ.സി. ഭാസ്‌കരന്‍(90) അന്തരിച്ചു. ലോഹ്യ വിചാരവേദിയുടെ സംസ്ഥാന പ്രസിഡന്റും വേദിയുടെ മുഖപത്രമായ അന്തര്‍ധാരയുടെ പത്രാധിപരുമായിരുന്നു.

സോഷ്യലിസ്റ്റ് നേതാക്കളായ ജോര്‍ജ് ഫെര്‍ണ്ണാണ്ടസ്, പി.എ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.പി മുഹമ്മദ്, പി.ആര്‍.കുറുപ്പ്, ശിവരാമ ഭാരതി, ആര്‍.എം. മനക്കലാത്ത്, കെ.കെ. അബു എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിന് രൂപീകരിച്ച വികസന വേദിയുടെ സ്ഥാപകനാണ്. ഡോ. രാംമനോഹര്‍ ലോഹ്യയുടെ വില്‍സ് ഓഫ് ഹിസ്റ്ററി, മധുലിമായയുടെ ഫോര്‍ ഫില്ലേഴ്സ് ഓഫ് സ്റ്റേറ്റ്, ജോര്‍ജ് ഫെര്‍ണ്ണാണ്ടസിന്റെ ഗാന്ധി ആന്റ് ബോംബ് എന്നീ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1952ലാണ് തപാല്‍ വകുപ്പില്‍ ജീവനക്കാരനായത്. ബെംഗളൂരു, തലശേരി, കണ്ണൂര്‍, വടകര, കാസര്‍കോട്, കാഞ്ഞങ്ങാട്, പുനലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1988ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. 1968ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കില്‍ പങ്കെടുത്ത് ആറു മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പോസ്റ്റ് മാസ്റ്ററായാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. കൂത്തുപറമ്പിനടുത്ത് ഓലായിക്കരയിലാണ് ജനനം.

കണ്ണൂര്‍ ചിറക്കലിലെ പരേതനായ പി വി ചന്തു നായരുടെയും കണ്ടാച്ചേരി മാധവിയമ്മയുടെയും മകനാണ്. ഭാര്യ: എം എം ഭാനുമതി.
മക്കള്‍: ചിത്രലേഖ (ബഹറിന്‍) , സുധില്‍ – മാധ്യമപ്രവര്‍ത്തകന്‍, എംഡി, ഗ്രോടെക് ഗ്രൂപ്പ് കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. ഹരികൃഷ്ണന്‍ (ബഹറിന്‍), ഷീജ (കതിരൂര്‍). സഹോദരങ്ങള്‍: സുധാകരന്‍, പ്രമീള, ഹേമലത, പരേതരായ പ്രഭാകരന്‍ (റിട്ട. പഞ്ചായത്ത് ഡയറക്ടര്‍ ), ഗണപതി, സഹദേവന്‍, രവീന്ദ്രന്‍, ഉഷ.

KCN

more recommended stories