എക്കോണമി ക്ലാസ് യാത്രികര്‍ക്ക് എസി കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ; വരുന്നത് 806 പുതിയ കോച്ചുകള്‍

എക്കോണമി ക്ലാസ് യാത്രക്കാര്‍ക്കായി എസി ത്രീടയര്‍ കോച്ചുകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിര്‍മാണം പൂര്‍ത്തിയായ ഉടനെ വ്യത്യസ്ത ട്രെയിനുകളില്‍ അവ ഘടിപ്പിക്കും. മിക്ക കോച്ചുകളും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് നിര്‍മിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ടെയിന്‍ യാത്രികര്‍ക്ക് കുറഞ്ഞ നിരക്കില്‍ എയര്‍ കണ്ടീഷന്‍ സേവനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. സാധാരണ ട്രെയിനുകളിലെ എസി ത്രീടയര്‍ കോച്ചുകളിലേതിന് സമാനമായ സൗകര്യങ്ങള്‍ പുതിയ എക്കോണമിക് ക്ലാസ് കോച്ചുകളിലും ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. പുതിയ പദ്ധതിയനുസരിച്ച്‌ ചില കോച്ചുകളുടെ നിര്‍മാണം ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. 2021-22 സാമ്ബത്തിക വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 806 കോച്ചുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ (ICF) 344 കോച്ചുകള്‍, റെയില്‍ കോച്ച്‌ ഫാക്ടറിയില്‍ (RCF) 177 കോച്ചുകള്‍, മോഡേണ്‍ കോച്ച്‌ ഫാക്ടറിയില്‍ (MCF) 285 കോച്ചുകള്‍ വീതം നിര്‍മിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ കണക്കുകൂട്ടുന്നു. ഈ സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കോച്ചുകള്‍ നിര്‍മിച്ച്‌ ട്രെയിനുകളില്‍ ഘടിപ്പിക്കും. പുതിയ എസി ത്രീടയര്‍ കോച്ചുകള്‍ക്ക് പുറയെ സാധാരണ എക്കോണമിക് ക്ലാസ് കോച്ചുകളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.

പുസ്തകം വായിക്കുന്നവര്‍ക്ക് പ്രത്യേക ലൈറ്റ്, എസി വെന്റുകള്‍, യുഎസ്ബി പോയിന്റ്, മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, മുകളിലെ ബെര്‍ത്തിലേക്ക് കയറാന്‍ പ്രത്യേകം സജ്ജീകരിച്ച കോണികള്‍, ഭക്ഷണം കഴിക്കാനുള്ള ടേബിള്‍ എന്നിവയാണ് ഈ കോച്ചുകളുടെ പ്രത്യേകതകള്‍. ശുചിമുറികളില്‍ കാലുകള്‍ക്കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ സര്‍വീസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ആറ് ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. മുന്‍കൂട്ടി റിസര്‍വ് ചെയ്തു മാത്രം യാത്ര ചെയ്യാനാകുന്ന സ്പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂണ്‍ 20, 21 തീയതികളിലായാണ് ഈ ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.

കോവിഡ് മഹമാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. ലോക്ക്ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.

രാജ്യത്തുടനീളെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മുന്‍പ് റദ്ദാക്കിയ പല ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വ്വീസുകളും റെയില്‍വേ പുനരാരംഭിച്ചിട്ടുണ്ട്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി ആളുകള്‍ യാത്ര ചെയ്യാന്‍ തയ്യാറാവുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

KCN

more recommended stories