യുവതിയുടെ മരണം – കൊലപാതകമെന്ന് സംശയം

മംഗലാപുരം: വിവാഹിതയും നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതിയെ സ്വന്തം വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാരോപിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതിനല്കി.മുല്‍ക്കി തലപ്പാടി കല്ലക്കട്ടയിലെ ദേജപ്പ പൂജാരിയുടെയും ജാനകി അഞ്ചന്റെയും മകള്‍ മല്ലിക അഞ്ചനാണ് (23) മരിച്ചത്. ഭര്‍ത്താവ് സുധാകര്‍ പൂജാരി വിദേശത്താണ്. മകന്‍ ശാശ്വതിനോടൊപ്പം അച്ഛനുമമ്മയ്ക്കുമൊപ്പമാണ് മല്ലിക താമസിച്ചിരുന്നത്.
കഴിഞ്ഞദിവസം ശാശ്വതിന്റെ പേര് പഞ്ചായത്തില്‍ രജിസ്റ്റര്‍ചെയ്യാന്‍ ദേജപ്പയും ജാനകിയും പോയസമയത്താണ് മല്ലികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മല്ലികയുടെ മുത്തശ്ശിയാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ ആളെക്കൂട്ടി മല്ലികയെ എടുത്ത് ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തില്‍ കയര്‍ മുറുക്കിയ പാടുണ്ട്. എന്നാല്‍ , പരിസരത്തൊന്നും കയര്‍ കണ്ടെത്താനായിട്ടില്ല.
മാത്രമല്ല, മല്ലികയ്ക്ക് ആത്മഹത്യചെയ്യേണ്ട ഒരു പ്രശ്‌നവുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയെന്ന് കരുതിയിരുന്ന സംഭവം കൊലപാതകമെന്നരീതിയില്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. മുല്‍ക്കി പോലീസാണ് കേസന്വേഷിക്കുന്നത്.

KCN

more recommended stories