നെരൂദയുടെ മരണം വീണ്ടും അന്വേഷിക്കുന്നു

സാന്റിയാഗോ: നൊബേല്‍ സമ്മാന ജേതാവായ ലാറ്റിനമേരിക്കന്‍ കവി പാബ്ലോ നെരൂദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പുതിയ അന്വേഷണസംഘം. 13 അംഗ സംഘത്തില്‍ ചിലി, സ്‌പെയിന്‍, യു.എസ്., ഡെന്‍മാര്‍ക്ക്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണുള്ളത്.
കവിയുടെ മൃതദേഹത്തില്‍ ‘സ്റ്റഫൈലൊകോക്കസ് ഓറിയസ്’ എന്ന ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടമാണ് പ്രധാനമായും അന്വേഷിക്കുക. ബാക്ടീരിയയുടെ ഡി.എന്‍.എ.യില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. നെരൂദയുടെ മരണം സംബന്ധിച്ച ദുരൂഹത ഇതുവഴി നീക്കാനാവുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.1973 സപ്തംബര്‍ 23-ന് സാന്റമരിയ ഹോസ്​പിറ്റലില്‍വെച്ചാണ് 69-കാരനായ നെരൂദ മരിച്ചത്. അര്‍ബുദമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയ മരണകാരണം.എന്നാല്‍, ഏകാധിപതി ആയിരുന്ന അഗസ്റ്റോ പിനാഷെയുടെ ആളുകള്‍ നെരൂദയെ വിഷം കുത്തിവെച്ച് കൊല്ലുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ മാന്വല്‍ ആറായ വെളിപ്പെടുത്തി. പിനാഷെയുടെ പട്ടാളവിപ്ലൂവം കഴിഞ്ഞ് 12 ദിവസത്തിനുശേഷമായിരുന്നു മരണം. ചിലി പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ അമേരിക്കന്‍ പിന്തുണയോടെ പിനോഷെയുടെ സൈന്യം അട്ടിമറിച്ച വേളയില്‍ത്തന്നെ നെരൂദയുടെ മരണം സംഭവിച്ചത് സ്വാഭാവികമല്ലെന്നാണ് സംശയം. ഇടതുപക്ഷ വിശ്വാസിയും സോഷ്യലിസ്റ്റ് നേതാവുമായ സാല്‍വദോര്‍ അലന്‍ഡെയുടെ മിത്രമായിരുന്നു നെരൂദ. 2012-ല്‍ ചിലി സര്‍ക്കാര്‍ നെരൂദയുടെ മരണം അന്വേഷിക്കാന്‍ ഉത്തരവിട്ടു. ദുരൂഹത നീങ്ങാഞ്ഞതിനാല്‍ മൃതദേഹം 2013 ഏപ്രില്‍ 8-ന് പുറത്തെടുത്ത് പരിശോധിക്കുകയുമുണ്ടായി.

KCN

more recommended stories