പാക്കിസ്ഥാനിലും അഫ്ഗാനിലും ദുരന്തം വിതച്ച് ഭൂചലനം; മരണസംഖ്യ 150 കവിഞ്ഞു

maranamന്യൂഡൽഹി∙ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിലും ജമ്മു കശ്മീർ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. കഠ്മണ്ഡു ഉൾപ്പടെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായി. ഇന്ത്യയിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ ഏഴിനു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു ഉച്ചയ്ക്ക് 2.45 ഓടെയാണ് ഭൂചലനമുണ്ടായത്. മധ്യ അഫ്ഗാനിസ്ഥാന്റെയും വടക്കൻ പാക്കിസ്ഥാന്റെയും ഇടയിലുള്ള ഹിന്ദുകുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായി. പാക്കിസ്ഥാനിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 130 പേർ കൊല്ലപ്പെട്ടതായി പാക്ക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നു. നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിൽ അനേകം കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിനു പിന്നാലെ 40 മിനിട്ടിനുശേഷം 4.8 രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഭൂചലനമുണ്ടായപ്പോൾ സ്കൂളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 12 വിദ്യാർഥിനികൾ മരിച്ചു. ഭൂചലനത്തിൽ 24 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

അതേസമയം, കാബൂളിലുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും അവരുടെ താമസസ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു.

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളിൽ അഞ്ചു സെക്കൻഡ് ഭൂചലനം നീണ്ടുനിന്നു. ഈ മേഖലകളിൽ 7.7 തീവ്രതയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ജയ്പൂർ, ഷിംല, ശ്രീനഗർ, ചണ്ഡീഗഡ്, ഭോപ്പാൽ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, ഭൂചലനത്തിനിടെ ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു. കൊച്ചിയിൽ കലൂരിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി.

Afgan Earthquake

അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പാക്ക് – അഫ്ഗാൻ മേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഇന്ത്യയിലുണ്ടായത്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നു. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കേന്ദ്ര ഭൗമപഠന കേന്ദ്രം അറിയിച്ചു. ഡൽഹിയിലും മറ്റും കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ഭൂചലനത്തെ തുടർന്ന് വൈദ്യുതബന്ധവും ടെലിഫോൺ ബന്ധവും തടസ്സപ്പെട്ടു. കെട്ടിടങ്ങൾ ഭാഗികമായി തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

KCN

more recommended stories