ബഹിരാകാശ പാഴ്‌വസ്തു ഭൂമിയിലേക്ക്; ശ്രീലങ്കയില്‍ ജാഗ്രത

srilankaറോക്കറ്റിന്റെയോ മറ്റോ അവശിഷ്ടമെന്ന് കരുതാവുന്ന ഒരു ബഹിരാകാശ പാഴ്‌വസ്തു വെള്ളിയാഴ്ച രാത്രി ഭൂമിയില്‍ പതിക്കും. അന്തരീക്ഷത്തില്‍വെച്ച് തന്നെ അത് എരിഞ്ഞു തീരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

അന്തരീക്ഷത്തില്‍വെച്ച് എരിഞ്ഞ് തീര്‍ന്നില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് തെക്ക് ഇന്ത്യ മഹാസമുദ്രത്തില്‍ നൂറുകിലോമീറ്റര്‍ പരിധിയിലാകും അവശിഷ്ടം പതിക്കുക. അതിനാല്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ പറയുന്നു.

എങ്കിലും ശ്രീലങ്കയുടെ തെക്കന്‍ മേഖല സൈന്യം പറക്കല്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് കടലിലിറങ്ങാനും വിലക്കുണ്ട്.

Sree Lanka, Space Junk
ബഹിരാകാശ പാഴ്‌വസ്തു പതിക്കുമെന്ന് കരുതുന്ന മേഖല. ചിത്രം: ശ്രീലങ്കന്‍ സേന

 

WT1190F എന്ന് പേരിട്ടിട്ടുള്ള ആ നിഗൂഢവസ്തു ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.50 ഓടെ ഭൂമിയില്‍ പതിക്കുമെന്ന്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ( ESA ) പറയുന്നു.

എന്താണ് WT1190F എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സ്‌പേസിലേക്ക് അയച്ച ഏതെങ്കിലും റോക്കറ്റിന്റെ ഇന്ധനടാങ്കോ മറ്റോ ആകാം അതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു.

‘കാറ്റലിന സ്‌കൈ സര്‍വ്വേ’ ( Catalina Sky Survey ) യുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ആ ബഹിരാകാശ പാഴ്‌വസ്തുവിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 2009 മുതലെങ്കിലും അത് ഭൂമിയെ ചുറ്റുകയായിരുന്നു എന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

Sri Lanka, Space Junk
പാഴ്‌വസ്തു ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ദിശ. ചിത്രം കടപ്പാട്: BPEarthWatch.com

 

ഒരു ബഹിരാകാശ പാഴ്‌വസ്തു ഭൂമിയില്‍ പതിക്കുന്ന സമയം വിദഗ്ധര്‍ കൃത്യമായി കണക്കുകൂട്ടുന്നത് ഇത് ആദ്യമായാണ്.

ഉപേക്ഷിച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയുമൊക്കെ ആയിരക്കണക്കിന് അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ‘നാസ’യുടെ 2013 ലെ കണക്ക് പ്രകാരം, അഞ്ചുലക്ഷത്തോളം ബഹിരാകാശ പാഴ്‌വസ്തുക്കള്‍ ഭൂമിയെ ചുറ്റുന്നുണ്ട്. അവയില്‍ 20,000 എണ്ണം സാമാന്യം വലിപ്പമുള്ളവയാണ്.

KCN

more recommended stories