ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് അനോണിമസ് ഹാക്കർ സംഘം

isidsവാഷിങ്ടൺ : പാരിസിൽ ആക്രമണം നടത്തിയ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് അനോണിമസ് ഹാക്കർ സംഘം. ഇതിന്റെ ഭാഗമായി ഐഎസുമായി ബന്ധമുള്ള 5500 ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കിയതായി ഇവർ അവകാശപ്പെട്ടു. പാരിസിൽ ആക്രമണം നടത്തിയ ഐഎസ് ഭീകരർക്ക് സൈബർ രംഗത്ത് തിരിച്ചടി നൽകുമെന്ന് കഴിഞ്ഞ ദിവസം ഈ സംഘം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന വാർത്ത പുറത്തുവന്നത്.

ട്വിറ്ററിലൂടെയാണ് ഐഎസിന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത കാര്യം സംഘം അറിയിച്ചത്. ഐഎസിന്റെ ശക്തി കുറഞ്ഞുവരികയാണെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ ഹാക്കർമാർ അവകാശപ്പെടുന്നതു പോലെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ഓപ്പറേഷൻ ആയിരിക്കും ഐഎസിനെതിരെ നടത്താൻ പോകുന്നതെന്ന് അനോണിമസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. മനുഷ്യത്വം മുൻനിർത്തി ഐഎസിനെതിരെ വിപുലമായ സൈബർ ആക്രമണം നടത്താനാണ് അനോണിമസിന്റെ തീരുമാനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനോണിമസ് പ്രവർത്തകർ നിങ്ങളെ തുരത്തുമെന്ന മുന്നറിയിപ്പാണ് വിഡിയോ ഐഎസിന് നൽകുന്നത്. നിങ്ങളെ കണ്ടെത്തുകയും വെറുതെ വിടില്ലെന്നും വിഡിയോ പറയുന്നു.

KCN

more recommended stories