മാലി ഹോട്ടലില്‍ ഭീകരാക്രമണം, 9 മരണം, 20 ഇന്ത്യക്കാരടക്കം 170 പേര്‍ ബന്ദികള്‍, 80 പേര്‍ രക്ഷപ്പെട്ടു

maliബമാകോ: പാരീസ് ഭീകരാക്രമണത്തിനു പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാന നഗരിയിലെ ഹോട്ടല്‍ ആക്രമിച്ച ഭീകരര്‍ 170 പേരെ ബന്ദികളാക്കി. വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള 20 പേരടങ്ങുന്ന സംഘം ഹോട്ടലില്‍ ഉള്ളതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ്.

ബമാകോയിലെ തിരക്കു പിടിച്ച മേഖലയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഭീകരരുടെ ആക്രമണം. ബന്ദികളാക്കപ്പെട്ടവരില്‍ 140 പേര്‍ ഹോട്ടലിലെ അതിഥികളും 30 പേര്‍ സ്റ്റാഫ് അംഗങ്ങളുമാണ്. മൂന്ന് യു.എന്‍. ഉദ്യാഗസ്ഥരടക്കം 80 പേരെ രക്ഷപ്പെടുത്തിയതായി മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  പ്രമുഖ ഗ്വിനിയന്‍ ഗായകന്‍ സെക്കൂബ ബാംബിനോയും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുലര്‍ച്ചെ ഏഴു മണിയോടെ നയതന്ത്ര പ്രതിനിധികളുടെ വാഹനമെന്ന വ്യാജേന ഹോട്ടലിലേക്കു കടക്കുകയായിരുന്നു അക്രമികള്‍. ഹോട്ടലില്‍ പ്രവേശിച്ചയുടന്‍ ഇവര്‍ വെടിവെപ്പു തുടങ്ങി. ലോബിയില്‍ത്തന്നെ മൂന്നു പേര്‍ മരിച്ചു വീണു.

mali

190 മുറികളുള്ള ഹോട്ടലിലെ ഏഴാം നിലയില്‍നിന്നു വെടിയൊച്ചകള്‍ കേട്ടതായി സമീപവാസികള്‍ പറയുന്നു. മാലി പോലീസ് സ്ഥലം വളഞ്ഞിട്ടുണ്ട്.  ഫ്രാന്‍സ്, ചൈന, തുര്‍ക്കി, ബെല്‍ജിയം, യു.എസ്., ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഹോട്ടലിലുള്ളത്. അക്രമിസംഘത്തില്‍ രണ്ടു മുതല്‍ 13 പേര്‍ വരെ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇവര്‍ അല്ലാഹു അക്ബര്‍ എന്നു തക്ബീര്‍ വിളിച്ച ശേഷം വെടിവെക്കുകയായിരുന്നു. മാലിയില്‍ ഇസ്ലാമികനിയമം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ അല്‍ ദീന്‍ ആണ് ആക്രമത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ യു.എന്‍. ഓഫിസര്‍മാരടക്കം 13 പേരെ ബമാകോയില്‍ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. അന്നും ഹോട്ടലിലേക്ക് ഇരച്ചു കയറിയ ശേഷം ബന്ദികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നില്‍ ആരാണെന്നതു വ്യക്തമല്ല. ആഭ്യന്തര കലഹം നടക്കുന്ന മാലിയില്‍ ശക്തമായ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. തലസ്ഥാന നഗരിയുടെ നിയന്ത്രണം ഭീകരര്‍ കയ്യിലാക്കുന്നത് ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സുരക്ഷാസേന ജാഗ്രത പാലിക്കുന്നതിനിടയിലാണ് ആക്രമണം.

മാലിയില്‍ ഇസ്ലാമിക ഭീകരരെ തുരത്തുന്നതില്‍ ഫ്രാന്‍സ് വിജയിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്നലെ പ്രസ്താവിച്ചതിനു പിറ്റേന്നാണ് ഹോട്ടല്‍ ആക്രമണമെന്നതു ശ്രദ്ധേയമാണ്. മുന്‍ ഫ്രഞ്ച് കോളനിയാണ് മാലി. അമേരിക്കന്‍ ഹോട്ടല്‍ ശംഖലയായ റെസിഡോര്‍ ഗ്രൂപ്പിന്റെതാണ് ഈ ആഡംബര ഹോട്ടല്‍.

KCN

more recommended stories