അറിവിന്റെ ആ സൂര്യന്‍ അസ്തമിച്ചു

usradaജീ

എബി കുട്ടിയാനം

ജീവിതം കൊണ്ട് പാഠം പകരാന്‍ കഴിയുക എന്നത് അപൂര്‍വ്വം ചിലര്‍ക്കുമാത്രം സാധിക്കുന്ന ഒന്നാണ്…ജീവിച്ച കാലമത്രയും മറ്റുള്ളവര്‍ക്കുമുന്നില്‍ ഒരു പാഠ പുസ്തകമായി മാറിയ മഹാപണ്ഡിതന്‍ മേല്‍പ്പറമ്പിലെ ഉസ്താദ് എം.എ.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ വിടപറഞ്ഞകലുമ്പോള്‍ അത് നികത്താനാവാത്ത നഷ്ടമായി മാറുകയാണ്…

കൂടുതല്‍ അറിയും തോറും കൂടുതല്‍ കൂടുതല്‍ വിസ്മയിപ്പിച്ചുകളയുകയും ഉള്ളിന്റെ ഉള്ളിന്റെ ആദരവ് കൂടികൂടി വരികയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. ഖത്തീബ്ച്ച എന്നുള്ളത് ഒരു വാക്ക് മാത്രമായിരുന്നില്ല, ആദരവില്‍ പൊതിഞ്ഞ ഒരു വികാരമായിരുന്നു…പാണ്ഡിത്യത്തിനൊപ്പം വിനയവും സത്യസന്ധതയും ജീവിത വിശുദ്ധിയും ഒത്തു ചേര്‍ന്ന ഒരു ജന്മമായിരുന്നു അത്. ഹറാമിന്റെ ഒരിറ്റ് വെള്ളം പോലും തന്റെ വയറ്റിലേക്ക് വന്നുപോകരുതെന്നും അരുതാത്ത ഒരു വാക്ക് പോലും തന്റെ നാവിലല്‍ നിന്ന് വീണുപോകരുതെന്നും ആഗ്രഹിച്ച് അക്കാര്യത്തില്‍ സദാ ജാഗ്രത പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു ഖത്തീബ്ച്ച എന്നറിയുമ്പോള്‍ ആ ജീവിതത്തോട് വല്ലാത്ത ബഹുമാനം തോന്നുന്നും ഏതൊരാള്‍ക്കും. അത് തന്നെയായിരുന്നു മരണ വിവരമറിഞ്ഞപ്പോള്‍ നാം കണ്ടത്. വാര്‍ത്ത പരന്ന നിമിഷം മുതല്‍ മയ്യിത്ത് ഖബറടക്കം ചെയ്യും വരെ മേല്‍പ്പറമ്പിലെ അദ്ദേഹത്തിന്റെ വസതിയിലേക്കും പള്ളി പരിസരത്തേക്കും ആളുകളുടെ ഒഴുക്കായിരുന്നു.
അറിവിന്റെ സൂര്യന്‍ അസ്തമിച്ചുപോകുന്നതിന്റെ ദു:ഖം താങ്ങാനാവാതെ ഒരു നാട് മുഴുവന്‍ നിറകണ്ണീരോടെ നിന്നു… മൂന്ന് പിടി മണ്ണുവാരിയെറിഞ്ഞ് പ്രാര്‍ത്ഥന ചൊല്ലി യാത്രയാക്കിയിട്ടും വിട്ടുപോവാനാവാത്ത ആത്മബന്ധവും ആദരവുമായിരുന്നു ഉസ്താദിനോട് ഓരോരുത്തര്‍ക്കുമുണ്ടായിരുന്നതെന്ന് വേര്‍പ്പാടിന്റെ ദു:ഖം ഉള്‍ക്കൊള്ളാനാവാതെ പകച്ചുനില്‍ക്കുന്നവരുടെ മുഖ ഭാവം പറയാതെ പറഞ്ഞു തന്നു…
ഏതൊരു ശരീരവും മരണത്തിന്റെ രുചിയറിയുമെന്നാണ് വിശുദ്ധവാക്യം…പക്ഷെ അപ്പോഴും ചിലരുടെ വേര്‍പ്പാട് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുകളയുന്നു…ആലിമിങ്ങളുടെ മരണം ലോകത്തിന്റെ മരണമാണെന്ന സത്യം എന്തുമാത്രം അര്‍ത്ഥവത്താണ്…
മഹാപണ്ഡിതന്മാര്‍ പോലും സംശയ നിവാരണത്തിന് എത്തിയിരുന്ന അറിവിന്റെ ഒരു വിക്കീപീഡിയ ആയിരുന്നു ബഹുമാനപ്പെട്ട ഉസ്താദ്…കര്‍മ്മശാസ്ത്രത്തിലും അറബി സാഹിത്യത്തിലും തത്വശാസ്ത്രത്തിലും അഗാത പാണ്ഡിത്യമുണ്ടായിരുന്ന ഉസ്താദ് മാതൃക ജീവിതത്തിന്റെ മഹോന്നതമായ പാഠമാണ് പകര്‍ന്നത്. പാണ്ഡിത്യത്തിന്റെയും സ്വീകാര്യതയുടെയും അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴും ആരെയും വെറുപ്പിക്കാതെ ആര്‍ക്കും പ്രയാസം സൃഷ്ടിക്കാതെ നല്ല മനുഷ്യനും നല്ല പണ്ഡിതനുമായി അദ്ദേഹം ജീവിതത്തെ പവിത്രമാക്കി തീര്‍ത്തു.
സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നപ്പോഴും അള്ളാഹുവിനെ ഭയന്ന ആ പണ്ഡിതന്‍ ലാളിതമായി ജീവിച്ചു. ആഡംബര കാറുകള്‍ കൊണ്ടുപോയാല്‍ എപ്പോഴും ആ ചെറിയ കാറെവിടെ ഞാന്‍ അതില്‍ വന്നോളാമെന്ന് പറഞ്ഞ് ചെറിയ വാഹനത്തിന് ആവശ്യപ്പെടുമായിരുന്നുവെന്ന് ചെറുമകന്‍ ആശിഫ് ഓര്‍മ്മിപ്പിച്ചു. മക്കള്‍ കാറും അതിന് ഡ്രൈവറെയും ഏര്‍പ്പാട് ചെയ്തുകൊടുത്തപ്പോഴൊന്നും അതിന് വഴങ്ങാതെ ജീവിതത്തെ പിന്നെയും ലളിതമാക്കാന്‍ ശ്രദ്ധിച്ചു.യാത്രകളൊക്കെ ഓട്ടോ റിക്ഷയിലാക്കാനും ഉസ്താദ് ശ്രമിച്ചിരുന്നു. കൂടുതല്‍ യാത്രകളും ഓട്ടോയില്‍ തന്നെയായിരുന്നു.
മറ്റുള്ളവന്റെ നൊമ്പരങ്ങളും പാവപ്പെട്ടവന്റെ സങ്കടങ്ങളും സ്വന്തം ദു:ഖമായി കണ്ട മഹാന്‍…പള്ളിയില്‍ നിന്ന് നാലായിരം രൂപ ശമ്പളം വാങ്ങുമ്പോഴും പള്ളിക്ക് പുറത്ത് മുസല്ല വിരിച്ചിരിക്കുന്ന ഫക്കീറുമാര്‍ക്ക് അതില്‍ നിന്ന് ധാനം നല്‍കുന്ന ഉസ്താദിന്റെ മുഖം നാട്ടുകാരുടെ ഓര്‍മ്മയിലുമുണ്ട്…
സാത്വികനായ മനുഷ്യന്‍…അള്ളാഹുവിനെ മാത്രം ഓര്‍ത്ത മനസ്സ്… ചെറുപ്പം വലുപ്പമില്ലാതെ പണത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒരേ കണ്ണോടെ കണ്ട മനുഷ്യന്‍…ആരെങ്കിലും എന്തെങ്കിലും പരിപാടിക്കായി വീട്ടിലേക്ക് ക്ഷണിച്ചാല്‍ എത്ര വൈകിയാണെങ്കിലും ആ വീട് കയറിയിറങ്ങി അവരെ സന്തോഷിപ്പിക്കും…ആ പ്രാര്‍ത്ഥനയില്‍ ആ വീടകം ധന്യമാകും….
വായനയുടെയും ഖുര്‍ആന്‍ പാരായണത്തിന്റെയും ഒരു ലോകത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതം…ഗ്രന്ഥങ്ങളോടല്ലാതെ മറ്റൊന്നിനോടും അദ്ദേഹത്തിന് മതിപ്പോ താല്‍പ്പര്യമോ ഇല്ലായിരുന്നു…ഈ ലോകത്ത് അദ്ദേഹം ഇഷ്ടപ്പെട്ട ഏക വസ്തു ഖിത്താബുകളാണ്…വീട്ടില്‍ നിറഞ്ഞുനില്‍ക്കുന്നതും ആ ഗ്രന്ഥശേഖരങ്ങള്‍ തന്നെയാണ്…ആവശ്യമായ ഗ്രന്ഥങ്ങള്‍ ഏവിടെയാണെങ്കിലും അദ്ദേഹം അന്വേഷിച്ച് കണ്ടെത്തും…ഉസ്താദിന്റെ അപൂര്‍വ്വങ്ങളായ ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുവാനായി മേല്‍പ്പറമ്പ് പള്ളിയില്‍ മ്യൂസിയം തന്നെ ഒരുങ്ങുന്നു…അതിന്റെ പണി പൂര്‍ത്തിയാകും മുമ്പാണ് ഉസ്താദ് യാത്രയായത്..
അറിവ് സമ്പാദിക്കുക മാത്രമായിരുന്നില്ല, പഠിച്ച പാഠങ്ങള്‍ മറ്റുളള്ളള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും അദ്ദേഹം ഓടി നടന്നു. പണ്ടു കാലങ്ങളില്‍ നാല്പതു ദിവസത്തോളം വയളു നടത്താറുള്ള ഉസ്താദിന്റെ ഇല്‍മ് ക്ലാസുകള്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. നാല്പത് ദിവസം മേല്‍പ്പറമ്പിലും പത്തു ദിവസം ദേളി പള്ളിയിലും പ്രഭാഷണം നടത്തും. ആ വാക്കുകള്‍ കേള്‍ക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും ആളുകളെത്തും.
വിശ്രമ ജീവിതത്തിലേക്ക് നീങ്ങിയിട്ട് ഇരുപത് വര്‍ഷത്തോളമായി. 1999ല്‍ വിശ്രമത്തിലേക്ക് നീങ്ങിയെങ്കിലും പ്രിയപ്പെട്ട ഉസ്താദ് നാട്ടുകാരുടെ മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല…ഓരോ സംശയം വരുമ്പോഴും കാര്യങ്ങളെത്തുമ്പോഴും അവര്‍ ഉസ്താദിന്റെ അരികിലേക്ക് ചെല്ലും. അപ്പുറത്താണെങ്കിലും ഉസ്താദുണ്ടല്ലോ എന്ന വിശ്വാസം അവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ആശ്വസമായിരുന്നു. ഇനി ആ സാന്നിധ്യമില്ലെന്നറിയുമ്പോള്‍ അത് നാടിന് ഉള്‍ക്കൊള്ളാനാവാത്ത നഷ്ടവും തീരാത്ത കണ്ണീരുമായി മാറുന്നു…

എബി കുട്ടിയാനം

 

 

KCN

more recommended stories