പൊലീസ് ആസ്ഥാനത്തെ ചീത്തവിളി; ജൂനിയർ സൂപ്രണ്ടിന് സസ്പെൻഷൻ

policeതിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ സീനിയർ സുപ്രണ്ടിനെ പരസ്യമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ടിനെ ഡിജിപി സസ്പെൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയുള്ള പിആർ ഫയലുകൾ കൈകാര്യം ചെയ്യുന്ന ജി സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായ ആർ.കൃഷ്ണദാസിനെയാണു ഡിജിപി ടി.പി.സെൻകുമാർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പൊലീസ് ആസ്ഥാനത്തെ പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു സേനയെ നാണം കെടുത്തിയ സംഭവം. പിആർ സെക്ഷനിൽ ക്രമവിരുദ്ധമായി പല കാര്യങ്ങളും നടക്കുന്നതായി മേലുദ്യോഗസ്ഥർക്കു പരാതി ലഭിച്ചിരുന്നു. പൊലീസുകാരുടെ പിആർ അപ്പീൽ ഫയലുകൾ ഒരു വർഷമായി തീർപ്പു കൽപ്പിക്കാതെ വച്ചിരിക്കുന്നതായും പലരും പരാതിപ്പെട്ടു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സെക്ഷന്റെ ചുമതലക്കാരനായ സീനിയർ സൂപ്രണ്ട് എം.കെ.ഷിബു കുമാർ ജീവനക്കാരുടെ യോഗം വിളിച്ചു. ഇതിൽ പ്രകോപിതനായ കൃഷ്ണദാസ് മറ്റുള്ളവർ നോക്കി നിൽക്കേ ഷിബു കുമാറിന്റെ ക്യാബിനിൽ കയറി അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാണു പരാതി. ബഹളം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന എഐജി കാളിരാജ് മഹേഷ് കുമാർ അവിടെയെത്തി അപ്പോൾ തന്നെ സീനിയർ സൂപ്രണ്ടിൽ നിന്നു പരാതി ഏഴുതി വാങ്ങി. ദൃക്സാക്ഷികളായ മറ്റു ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. അദ്ദേഹം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് ഓഫിസറെ ഡിജിപി അന്വേഷണത്തിനു നിയോഗിച്ചു. ആ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ. മുൻപും ഈ ഉദ്യോഗസ്ഥനെതിരെ ഇത്തരം പരാതികൾ ഉയർന്നിരുന്നതായി ജീവനക്കാർ പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് ഇയാൾ. ഇപ്പോൾ സസ്പെൻഷൻ റദ്ദാക്കാൻ മന്ത്രിയുടെ ഓഫിസിൽ നിന്നു സമ്മർദ്ദം അരങ്ങേറുന്നതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

KCN

more recommended stories