എന്‍ഡിഎ അധികാരത്തില്‍ വരണം: കെ.വി.പ്രജില്‍

ndaകാഞ്ഞങ്ങാട്:  കേന്ദ്രപദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി.പ്രജില്‍ പറഞ്ഞു. എന്‍ഡിഎ മടിക്കൈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പല കേന്ദ്രപദ്ധതികളും കേരളത്തിലെ ജനങ്ങള്‍ അറിയുന്നില്ല. പദ്ധതികള്‍ നടപ്പിലാക്കിയാല്‍ നരേന്ദ്രമോദി സര്‍ക്കാരിന് ജനങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നിട്ടും ചിലപദ്ധതികളെങ്കിലും സര്‍ക്കാറിന് നടപ്പിലാക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടി ജനങ്ങള്‍ക്ക് നല്‍കിയ പദ്ധതി അവബോധത്തിന്‍റെ ഫലമാണ്.
പല പദ്ധതികളും സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ സഹായത്തോടെ തന്നെ അട്ടിമറിക്കപ്പെടുന്നു. ബിജെപിയുടെ വളര്‍ച്ചയും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള കൂട്ടുകെട്ടും എന്‍ഡിഎ സഖ്യത്തിന്‍റെ വിജയം ഉറപ്പാക്കുമെന്ന തോന്നലാണ് ഇരുമുന്നണികളുടേയും ഇപ്പോഴത്തെ ഭയം. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സഖ്യം സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാണ്. അതിന് ബിജെപിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മതി.

ബിഡിജെഎസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാഞ്ഞങ്ങാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സത്യം ഇവിടുത്തെ ഇടത് വലതു മുന്നണികള്‍ക്ക് നന്നായറിയാം. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തയാണ് നേതാക്കന്മാരുടെ മനസില്‍. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എന്‍ഡിഎയുടെ വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തകര്‍ പൂര്‍ണസമയം രംഗത്തിറങ്ങണമെന്നും, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടന സമയത്ത് ജനങ്ങളുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും എന്‍ഡിഎക്ക് അനുകൂലമാകുന്ന കാഴ്ചയാണ് കാണുന്നതെന്നും പ്രജില്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി മണ്ഡലം പ്രസിഡന്‍റ് ഇ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത്  പ്രസിഡന്‍റ് പി.മനോജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സ്ഥാനാര്‍ഥി എം.പി.രാഘവന്‍ സംബന്ധിച്ചു. ബിഡിജെഎസ് ജില്ലാ സെക്രട്ടറി ബാബു വെളളിക്കോത്ത്, എസ്.കെ.കുട്ടന്‍, കെ.കെ.വേണുഗോപാല്‍, ശങ്കരന്‍ വാഴക്കോട്, ബിജി ബാബു സംസാരിച്ചു. ടി.രമേശന്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories