വയര്‍മെന്‍ പരീക്ഷ ജയിപ്പിക്കാമെന്ന്വാഗ്ദാനം; രണ്ടുപേര്‍ അറസ്റ്റില്‍

clഫറോക്ക്: ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തുന്ന വയര്‍മെന്‍ ലൈസന്‍സിനുള്ള പരീക്ഷയില്‍ വിജയം വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ പിടിയില്‍.
തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ സ്‌കില്‍ അസിസ്റ്റന്റായ കരുനാഗപ്പള്ളി കാവുംകീഴില്‍ സലീം (43), സുഹൃത്ത് കൊല്ലം തേവലക്കര പുത്തന്‍പുരയില്‍ വസീം അഹമ്മദ് (36) എന്നിവരെയാണ് എസ്.ഐ എന്‍.കെ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ നമ്പര്‍ ശേഖരിച്ച് അവരുമായി ബന്ധപ്പെടുകയാണ് ഇവരുടെ രീതി. ഇത്തരത്തിലുള്ള ഏതാനും പേരെ രാമനാട്ടുകരയിലെ ഒരു സ്ഥാപനത്തിലേക്ക് വരാന്‍ ആവശ്യപ്പെടുകയും അവിടെ പരിശീലനം നല്‍കുമെന്നറിയിക്കുകയും ചെയ്തു.
ബുധനാഴ്ച നടന്ന പരിശീലനത്തിന് 1000 രൂപ വാങ്ങുകയും 4000 കൂടി ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി. ഇത്രയും പണം നല്‍കിയാല്‍ പരീക്ഷയില്‍ ജയം ഉറപ്പാണെന്നും തങ്ങള്‍ തന്നെയാണ് പരീക്ഷ നടത്തുന്നതും ഫലപ്രഖ്യാപനം നടത്തുന്നതുമെന്നും ഇവര്‍ പറഞ്ഞത്രെ. മേയ് അവസാനവാരം നടക്കുന്ന പരീക്ഷക്കാണ് ‘കോച്ചിങ്’ ക്‌ളാസ്.
പരിശീലന ക്‌ളാസെടുത്തത് സലീം ആണെങ്കിലും പണം വസീം അഹമ്മദ് വശം നല്‍കാനാണ് ആവശ്യപ്പെട്ടത്. വാഗ്ദാനത്തില്‍ അസ്വാഭാവികത തോന്നിയ ഒരു രക്ഷിതാവ് ഫറോക്ക് ഏരിയാ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. അസോസിയേഷന്റെ പരാതിയില്‍ രാമനാട്ടുകര ബസ്സ്റ്റാന്‍ഡിനടുത്തുള്ള പരിശീലന സ്ഥാപനത്തില്‍ എത്തിയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കോട്ടക്കലടക്കം മറ്റു ചില കേന്ദ്രങ്ങളിലും ഇവര്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അറിയുന്നു.

KCN

more recommended stories