സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറ് ലക്ഷം രൂപ വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുകേഷ്

metro gold4സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറ് ലക്ഷം രൂപ വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുകേഷ്. പ്രതിഫലം വാങ്ങാതെയാണ് താന്‍ പരസ്യത്തില്‍ അഭിനയിച്ചതെന്ന് മുകേഷ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ ആദ്യം അഭിനയിച്ചത് താനാണെന്നും മുകേഷ് സൂചിപ്പിച്ചു.

സന്ധ്യാ രാജേന്ദ്രനായിരുന്നു ലോട്ടറിയുടെ ആദ്യ ആറ് പരസ്യങ്ങള്‍ സംവിധാനം ചെയ്തത്. ആറ് ലക്ഷത്തിന് ആറ് പരസ്യങ്ങള്‍ ചെയ്യുവാനായിരുന്നു ലോട്ടറി ഡിപ്പാര്‍ട്ടുമെന്റുമായുള്ള കരാര്‍. ലോട്ടറി ഡിപ്പാര്‍ട്ടുമെന്റിന്റെ നിയമം അനുസരിച്ച് പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ആദ്യപരസ്യത്തില്‍ അഭിനയിച്ചത് താനായിരുന്നതുകൊണ്ട് അവര്‍ തന്റെ പേരില്‍ ആറ് ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നുവെന്ന് മുകേഷ് വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ആയിരുന്ന ബിജു പ്രഭാകര്‍ ലോകായുക്തയ്ക്ക് മുന്നില്‍ ആ സമയത്ത് തന്നെ നല്‍കുകയും ചെയ്തിരുന്നു.സംശയമുള്ള ആര്‍ക്കു വേണമെങ്കിലും ആ രേഖകള്‍ ബന്ധപ്പെട്ടവരെ സമീപിച്ചാല്‍ പരിശോധിക്കുവാന്‍ സാധിക്കുമെന്നും മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

KCN

more recommended stories