മല്യയെ നാട് കടത്താനാവില്ലെന്ന് ബ്രിട്ടന്‍

fimവിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ സര്‍ക്കാര്‍ നിരസിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടുമാത്രം അദ്ദേഹത്തെ നാടുകടത്താനാകില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. മല്യയെ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി നടപടി സ്വീകരിക്കാമെന്നും ബ്രിട്ടണ്‍ സൂചിപ്പിച്ചു. 1971ലെ നിയമനുസരിച്ച് പാസ്‌പോര്‍ട്ട് റദ്ദാക്കിയാലും നാടുകടത്താനാകില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കി.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. മല്യയെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.

കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധന നിയമ പ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളെ വായ്പയും പലിശയും അടക്കം 9,000 കോടി രൂപ കബളിപ്പിച്ചാണ് മല്യ ഏപ്രില്‍ രണ്ടിന് ബ്രിട്ടനിലേക്ക് കടന്നത്. വിദേശകാര്യ മന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.

അതേസമയം പാസ്‌പോര്‍ട്ട് റദ്ദാക്കിയാലോ തന്നെ അറസ്റ്റ് ചെയ്താലോ തന്നില്‍ നിന്ന് ഒരുരൂപ പോലും കിട്ടില്ലെന്നായിരുന്നു മല്യയുടെ പ്രതികരണം.

 

KCN

more recommended stories