എസ്ബിടി എസ്ബിഐയിൽ ലയിക്കും

sbtകൊച്ചി ∙ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്‌ബിടി) ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) ലയിപ്പിക്കും. അനുബന്ധ ബാങ്കുകളെ ഏറ്റെടുക്കുന്നതിനുള്ള സാധ്യതകൾ ആരായാൻ എസ്‌ബിഐയുടെ ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകി. ലയനനടപടിയിൽ പ്രതിഷേധിച്ച് അനുബന്ധ ബാങ്കുകളിലെ ജീവനക്കാർ വെള്ളിയാഴ്‌ച പണിമുടക്കും. ആഗോളതലത്തിൽ മത്സരിക്കാൻ വൻകിട ബാങ്കുകളാണ് ആവശ്യം എന്ന ചിന്താഗതിയുടെ ഫലമാണു ലയന നീക്കം. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണെങ്കിലും എസ്‌ബിഐയ്ക്കു ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ കൂട്ടത്തിൽ പോലും സ്‌ഥാനമില്ല. ആഗോള ബാങ്കുകളുടെ നിരയിൽ അറുപത്തേഴാം സ്‌ഥാനം മാത്രമാണ് എസ്‌ബിഐയ്ക്ക്. അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുത്താൽ എസ്‌ബിഐ 37 ലക്ഷം കോടി രൂപയുടെ ബാങ്കായി മാറും. എസ്‌ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് അനുബന്ധ ബാങ്കുകൾ. ഇവയുടെ ബോർഡ് യോഗം വെവ്വേറെ ചേർന്ന് എസ്‌ബിഐയിൽ ലയിക്കാനുള്ള നിർദേശം അംഗീകരിച്ചതായാണു സൂചന. എസ്‌ബിടിയിൽ എസ്‌ബിഐയ്ക്ക് 78.91 ശതമാനമാണ് ഓഹരി പങ്കാളിത്തം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിൽ 90 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുരിൽ 75.07 ശതമാനവുമാണു പങ്കാളിത്തം. മറ്റു രണ്ടു ബാങ്കുകളിലും 100% പങ്കാളിത്തമുണ്ട്. എസ്‌ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുർ എന്നിവ ലിസ്‌റ്റഡ് കമ്പനികളാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്‌ട്രയെ 2008ലും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറിനെ 2010ലും എസ്‌ബിഐയിൽ ലയിപ്പിക്കുകയുണ്ടായി. പൊതുമേഖലയിലെ ഭാരതീയ മഹിള ബാങ്ക് 2013ൽ മാത്രമാണു നിലവിൽവന്നത്. പ്രതീക്ഷിച്ച തോതിലുള്ള പ്രവർത്തനം കാഴ്‌ചവയ്‌ക്കാൻ ബാങ്കിനു കഴിയാതെപോയതാണു ലയനത്തിനു പരിഗണിക്കപ്പെടാൻ കാരണം. അനുബന്ധ ബാങ്കുകളിലെ ജീവനക്കാർ ലയനനീക്കത്തെ ശക്‌തമായി എതിർത്തുവരവേയാണു പെട്ടെന്നു നടപടികൾക്ക് ആക്കംകൂടിയത്. വെള്ളിയാഴ്‌ച പണിമുടക്കാൻ ഇവർ തീരുമാനിച്ചതും പെട്ടെന്നാണ്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ) നേതൃത്വത്തിലാണു പണിമുടക്ക്. ലയനവാർത്ത ഓഹരി വിപണിയിലും ചലനമുണ്ടാക്കി. എസ്‌ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുർ എന്നിവയുടെ ഓഹരികൾക്കു മൂന്നു മുതൽ 14% വരെ വില ഉയർന്നു. എസ്‌ബിടി ഓഹരി വില 9.84% വർധിച്ചു 177 രൂപയിലെത്തി. അതേസമയം എസ്‌ബിഐ ഓഹരി വിലയിൽ 0.11% ഇടിവാണുണ്ടായത്.

KCN

more recommended stories