ബാങ്ക് പിഗ്മി ജീവനക്കാരനെ അക്രമിച്ച് പണം തട്ടാന്‍ ശ്രമം

pigmiമഞ്ചേശ്വരം: ബാങ്ക് പിഗ്മി ജീവനക്കാരനെ അക്രമിച്ച് പണം തട്ടാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പൊസോട്ട് ദേശീയ പാതയിലാണ് സംഭവം.
മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബേങ്ക് ബഡാജെ ബ്രാഞ്ചിലെ പിഗ്മി ജീവനക്കാരന്‍ ഗോവിന്ദപൈ കോളേജിന് സമീപം താമസിക്കുന്ന വേണുഗോപാല (36)നാണ് അക്രമത്തിനിരയായത്. ഇടതുകൈക്ക് വെട്ടേറ്റ് ഞരമ്പ് മുറിഞ്ഞ നിലയില്‍ ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പൊസോട്ട് ദേശീയപാതയില്‍ ബൈക്ക് നിര്‍ത്തി റോഡ് മുറിച്ച് കടയിലേക്ക് പോകുന്നതിനിടയിലാണ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം അക്രമിച്ചത്. വേണുഗോപാലയെ തടഞ്ഞ് നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കാനായിരുന്നു ശ്രമം. ചെറുത്തപ്പോള്‍ തള്ളിയിടുകയും കൈയിലുണ്ടായിരുന്ന വടിവാള്‍ കൊണ്ട് ഇടതു കൈത്തണ്ടയില്‍ വെട്ടുകയുമായിരുന്നു. വേണുഗോപാലയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടി എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരാണ് മംഗളൂരു ആശുപത്രിയില്‍ എത്തിച്ചത്.വേണുഗോപാല കലക്ഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അക്രമം. പണം തട്ടിയെടുക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് സൂചന. അക്രമികളാരെന്ന് വ്യക്തമായിട്ടില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.വേണുഗോപാലയെ അക്രമിച്ച് പണം തട്ടിയെടുക്കാനുള്ള നടപടിയില്‍ കേരള കോ.ഓപ്പറേറ്റീവ് ബേങ്ക് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയും ബേങ്ക് ജീവനക്കാരും സി.പി.എം ലോക്കല്‍ കമ്മിറ്റിയും പ്രതിഷേധിച്ചു.

KCN

more recommended stories