വികൃതി കാട്ടിയതിന് മാതാപിതാക്കള്‍ വനത്തിനുള്ളില്‍ ഉപേക്ഷിച്ച കുട്ടിയെ കാണാതായി

jappanടോക്കിയോ: വികൃതി കാട്ടിയതിന് മാതാപിതാക്കള്‍ വനത്തിനുള്ളില്‍ ഉപേക്ഷിച്ച ഏഴ് വയസുകാരനെ കാണാതായി. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം നടന്നത്. കരടികള്‍ ഉള്‍പ്പെടെ നിറയെ മൃഗങ്ങള്‍ വസിക്കുന്ന കാടിന് സമീപത്തുള്ള വഴിയില്‍ ഇറക്കിവിട്ട് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഏകദേശം 180-ഓളം വരുന്ന സംഘത്തെയാണ് അധികൃതര്‍ നിയോഗിച്ചിരിക്കുന്നത്.

പാര്‍ക്കില്‍ സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം കാറിലെത്തിയതായിരുന്നു യൊമാറ്റോ തനൂക്കയെന്ന ഏഴു വയസുകാരന്‍. പാര്‍ക്കിലെത്തിയ യൊമാറ്റോ അവിടെയുള്ള സന്ദര്‍ശകര്‍ക്ക് നേരെയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയും കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ക്രുദ്ധരായത്. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുട്ടിയെ വനത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. ഹൊക്കൈഡോയിലെ മരങ്ങള്‍ നിറഞ്ഞ കാട്ടുപ്രദേശത്താണ് കുട്ടിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചത്. കരടികള്‍ ധാരാളമുള്ള ഇവിടെ കുട്ടിയെ ഉപേക്ഷിച്ച് ഏകദേശം അരക്കിലോമീറ്ററോളം ഇവര്‍ മുന്നോട്ടു സഞ്ചരിച്ചു. പെട്ടെന്ന് തന്നെ തിരിച്ചെത്തിയെങ്കിലും കുട്ടിയെ ആ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ ആദ്യം പൊലീസിനോട് പറഞ്ഞത് .എന്നാല്‍ പിന്നീട് കുട്ടിയെ തങ്ങള്‍ തന്നെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ഏകദേശം 180 പേരോളം വരുന്ന സംഘം പല സംഘമായി തിരിഞ്ഞ് ഇപ്പോഴും ഇവിടെ തെരച്ചില്‍ തുടരുകയാണ്.

അതേസമയം ഈ സംഭവം ജപ്പാനിലെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളെ വിമര്‍ശിച്ച് അനേകം പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

KCN

more recommended stories