കാസര്‍കോട്ടും ഇതരസംസ്ഥാനക്കാരായ ക്രിമിനലുകള്‍; കര്‍ശന നടപടിക്ക് എസ് പിയുടെ നിര്‍ദേശം

kasaragod criminalകാസര്‍കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാനക്കാരായ കൊടും ക്രിമിനലുകള്‍ ഉള്ളതായി പോലീസിന് സൂചന ലഭിച്ചു

നിയമവിദ്യാര്‍ഥിനിയായിരുന്ന പെരുമ്പാവൂരിലെ ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അന്യസംസ്ഥാനതൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സര്‍ക്കാര്‍ അതാത് ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സംസ്ഥാന ആഭ്യന്തരവകുപ്പ് ജില്ലാപോലീസ് മേധാവികള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍മാരും തങ്ങളുടെ അധികാരപരിധി ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളിലും വാടകവീടുകളിലും മറ്റുമായി നിരവധി ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ട്, ബംഗാള്‍, ഒറീസ, അസാം, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് ഇവരില്‍ കൂടുതലും. കൃത്യമായ വിലാസങ്ങളും തിരിച്ചറിയല്‍ രേഖകളും നല്‍കാതെയാണ് ഭൂരിഭാഗം അന്യസംസ്ഥാനക്കാരും ക്വാര്‍ട്ടേഴ്‌സുകളിലും വാടകവീടുകളിലും കഴിയുന്നത്. ഇതരസംസ്ഥാനക്കാര്‍ക്ക് വാടകക്ക് താമസിക്കാന്‍ സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ ഇവരുടെ പേരും വിലാസവും തിരിച്ചറിയല്‍ കാര്‍ഡുകളുമടക്കം വിശദമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന് മുമ്പ് തന്നെ പോലീസ് ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.

വാടകക്ക് താമസിക്കുന്നവരെല്ലാം തൊഴില്‍ ചെയ്തുജീവിക്കുന്നവരല്ലെന്നും ഇക്കൂട്ടത്തില്‍ കവര്‍ച്ചക്കാരും ക്രിമിനലുകളുമുണ്ടെന്നും വ്യക്തമായിട്ടും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് തടസമാകുന്നത് ഇവര്‍ ആരൊക്കെയാണെന്നതുസംബന്ധിച്ച കൃത്യമായ വിവരം കിട്ടാത്തതാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും അന്യസംസ്ഥാനക്കാര്‍ പ്രതികളാകുന്ന കുറ്റ കൃത്യങ്ങള്‍ പെരുകുകയാണ്. അക്രമം, കൊലപാതകം, മോഷണം, ലൈംഗികപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന അന്യദേശക്കാരുടെ എണ്ണം കേരളത്തില്‍ പെരുകുകയാണ്.

 

KCN

more recommended stories