ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ബിജെപി വോട്ട് വേണ്ടെന്ന് രമേശ് ചെന്നിത്തല

deputyതിരുവനന്തപുരം: നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ബിജെപി വോട്ട് യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്നപോലെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വേണ്ടന്ന ദൃഢനിശ്ചയമാണ് യുഡിഎഫിന് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് പോയിരിക്കുന്ന അനൂപ് ജേക്കബ്, ഉംറ നിര്‍വ്വഹിക്കാന്‍ പോയ സി മമ്മൂട്ടി എന്നീ യുഡിഎഫ് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നാളെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണനും തമ്മിലാണ് മത്സരം. നിലവില്‍ 91 അംഗങ്ങളുള്ള എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണ്.

നേരത്തെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ബിജെപി വോട്ട് യുഡിഎഫ് തിരസ്‌കരിച്ചിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണനാണ് ബിജെപി അംഗം ഒ രാജഗോപാല്‍ വോട്ടുചെയ്തത്. ഇക്കാര്യം രാജഗോപാല്‍ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. 46 നെതിരെ 92 വോട്ടുകള്‍ക്കായിരുന്നു ശ്രീരാമകൃഷ്ണന്റെ വിജയം. അന്ന് ഒരു വോട്ട് യുഡിഎഫിന് നഷ്ടമായിരുന്നു.

KCN

more recommended stories