പ്രദീപിന് അവാര്‍ഡ് അവിചാരിതമായി എത്തിയ അതിഥി

pradee

തൃശ്ശൂര്‍: മുന്നറിയിപ്പുകളില്ലാതെ എത്തുന്ന അതിഥിയെപ്പോലെയാണ് സംസ്ഥാന സിനിമാ പുരസ്‌കാരങ്ങളിലെ നല്ലപാട്ടുകാരനുള്ള അവാര്‍ഡ് പ്രദീപിലേക്ക് പറന്നിറങ്ങിയത്. പ്രഖ്യാപനം വന്നപ്പോള്‍പോലും പ്രദീപ് ചന്ദ്രകുമാര്‍ അറിഞ്ഞില്ല സ്വന്തം ശബ്ദമാണ് അംഗീകരിക്കപ്പെടുന്നതെന്ന്. ഇപ്പോഴും അവാര്‍ഡ് ജേതാവെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഈ ശബ്ദത്തിനാണ് പുരസ്‌കാരം ലഭിച്ചതെന്ന് മലയാളലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു.

‘ഞാന്‍ ട്രാക്ക് പാടിയ പാട്ടിനു കിട്ടിയ അംഗീകാരത്തില്‍ അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍തന്നെ സന്തോഷത്തിലായിരുന്നു’ – ജൂബിലി മിഷനിലെ ഹൗസ് സര്‍ജന്‍സി ഡ്യൂട്ടിയില്‍നിന്ന് പുറത്തുവന്ന പ്രദീപ് പറഞ്ഞു. ഹൗസ് സര്‍ജന്‍സി തുടങ്ങിയശേഷം അല്‍പ്പം വിട്ടുനില്‍ക്കുമ്പോഴാണ് പാട്ട് അവാര്‍ഡ് രൂപത്തില്‍ വിടാതെ പിടികൂടിയത്. ഏകദേശം എട്ട് മാസം മുമ്പാണ് ‘ജന്മാന്തരങ്ങളില്‍ നീ…’ എന്ന അവാര്‍ഡ് പാട്ട് പാടിയത്. അതിനുശേഷം പിന്നെ ഒന്നും പാടിയതുമില്ല. ഹൗസ് സര്‍ജന്‍സി കഴിയുന്നതോടെ കുറച്ചുകാലം പാട്ടില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് ആഗ്രഹിക്കുന്നത്. പാട്ടും ഡോക്ടര്‍ജോലിയും ഒന്നിച്ചുകൊണ്ടുപോകുക അത്ര എളുപ്പമല്ലെന്ന് പ്രദീപ് മനസ്സുതുറന്നു.
എട്ട് ചിത്രങ്ങളിലാണ് പ്രദീപിന്റെ ശബ്ദം ഇതുവരെ പതിഞ്ഞത്. ഇതില്‍ ആദ്യത്തേത് ബ്യൂട്ടിഫുള്‍. പിന്നെ സീന്‍ ഒന്ന് നമ്മുടെ വീട്, ലോക്പാല്‍, ലക്കിസ്റ്റാര്‍, പോപ്പിന്‍സ് എന്നിങ്ങനെ പോകുന്നു പട്ടിക. രതീഷ് വേഗയാണ് സിനിമാപാട്ടിന്റെ വഴികളിലേക്ക് പ്രദീപിനെ കൊണ്ടുവന്നത്. എം.ബി.ബി.എസ്സിനു പഠിക്കുമ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ ഡി സോണ്‍മത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചു. ഇതാണ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലേക്ക് വഴിതുറന്നത്. അതിലെ അനൂപ് മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിനു പറ്റിയ ശബ്ദമായിരുന്നു പ്രദീപിന്റേതെന്നത് തുണയായി.

എം.ബി.ബി.എസ്. പരീക്ഷ കഴിഞ്ഞ് ഒഴിവുകാലത്തിലിരിക്കുമ്പോഴാണ് ‘ജന്മാന്തരങ്ങളില്‍…’ എന്ന പാട്ട് മുന്നിലെത്തുന്നത്. അതും രതീഷ് വേഗ വഴിതന്നെ. കോഴിക്കോട്ടു നടന്ന കമ്പോസിങ്ങിന് പോയി. ട്രാക്ക് പാടി. പിന്നെ അയ്യന്തോളിലെ സ്റ്റുഡിയോയില്‍നിന്നും ഇപ്പോള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചതും.

മൂന്നാംവയസ്സില്‍ മകനെ പാട്ടിന്റെ വഴിയിലേക്കു പറഞ്ഞയച്ച പാരമ്പര്യമാണ് അച്ഛന്‍ തട്ടാംപറമ്പില്‍ ടി.ജി. ചന്ദ്രകുമാറിനും അമ്മ ശ്രീദേവിക്കുമുള്ളത്. കുടുംബത്തിന്റെ കലാപാരമ്പര്യം പ്രദീപിന്റെ വളര്‍ച്ചയ്ക്കും വെള്ളവും വളവുമേകി. അച്ഛന്‍ ചന്ദ്രകുമാര്‍ നടന്‍ ടി.ജി. രവിയുടെ സഹോദരനാണ്. ടി.ജി. രവിയോടൊത്ത് നാടകങ്ങളില്‍ അഭിനയിച്ച പാരമ്പര്യം ചന്ദ്രകുമാറിനും പറയാനുണ്ട്.
മൂന്നാംവയസ്സില്‍ പാട്ടുക്ലാസിനു ചേര്‍ന്നത് അച്ഛന്റെയും അമ്മയുടെയും താത്പര്യത്തിനു മാത്രമായിരുന്നുവെന്ന് പ്രദീപ് പറയുന്നു. ആ താത്പര്യം ശരിയായിരുന്നുവെന്ന് അവാര്‍ഡ് പാട്ട് അരക്കിട്ടുറപ്പിക്കുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചതോടെയാണ് പാട്ടിനോടുള്ള ഇഷ്ടം കൂടിയത്. കെ. സണ്ണി, മങ്ങാട് നടേശന്‍, ഫാ. തോമസ് ചക്കാലമറ്റത്ത്… സംഗീതവഴികളിലെ ഗുരുക്കന്മാരുടെ പാഠങ്ങളിലൂടെ ഈ ആവേശം വളരുകയായിരുന്നു.

പുതിയ അവാര്‍ഡ് വിവരം കേള്‍ക്കുമ്പോള്‍ കൂടുതല്‍ സന്തോഷം ഒന്നുമില്ല. അദ്യവസാനം താന്‍ കണ്ടറിഞ്ഞ പാട്ട്, ട്രാക്ക് പാടിയ പാട്ട് ഇതിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തപ്പോള്‍തന്നെ സന്തോഷിക്കാവുന്നതിന്റെ പരമാവധി സന്തോഷിച്ചിരുന്നു- പ്രദീപ് പറയുന്നു.

KCN

more recommended stories