മഴയില്‍ കുതിര്‍ന്ന പെരുന്നാള്‍

mazha

എബി കുട്ടിയാനം

മഴയും പെരുന്നാളും ഒരുപോലെ ആഹ്ലാദകരമാണ്…രണ്ടും ഹൃദയത്തിന്റെ ഉത്സവമാണ്…മഴ ബാല്യത്തിലേക്ക് കൈപിടിക്കും, പെരുന്നാളും അതേ അനുഭൂതിയാണ് സമ്മാനിക്കുന്നത്. പെരുന്നാളിന്റെ ഡയറിയില്‍ പറഞ്ഞറിയിക്കാവനാവാത്ത ഗൃഹാതുരത്വത്തിന്റെ കഥകളുണ്ട്. മനസ്സിന്റെ മഴ പുസ്തകത്തിലും അത് തന്നെയാണ് ഒളിഞ്ഞിരിപ്പുള്ളത്. മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ ജനാലക്കിടിയിലൂടെ അതിന്റെ സൗന്ദര്യം നോക്കി അതില്‍ അലിഞ്ഞുചേരാന്‍ കൊതിക്കും നാം. പള്ളിയില്‍ നിന്ന് തക്ബീറിന്റെ ധ്വനി മുഴങ്ങിയാല്‍ പെരുന്നാളിന്റെ ആഹ്ലാദം ഒരു തുലാവര്‍ഷമായി ഉള്ളില്‍ പെയ്തിറങ്ങും.
മഴ ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. പെരുന്നാള്‍ ദൈവം നോമ്പ് നോറ്റ വിശ്വാസികള്‍ക്ക് നല്‍കുന്ന വിലമതിക്കാനാവാത്ത സമ്മാനവും.
പേനയും കടലാസും വേണ്ടാത്ത ഇ-കാലത്ത് ഞാനെന്റെ വിരലുകള്‍കൊണ്ട് പെരുന്നാളിന്റെ സുഖവും മഴയുംടെ അനുഭൂതിയും കുറിച്ചിടാന്‍ കീബോര്‍ഡില്‍ താളംപിടിക്കുമ്പോള്‍ പുറത്ത് നല്ല മഴയാണ്…പതിവ് കാവ്യത്തിനുമപ്പുറം ഇപ്പോഴതിന് പെരുന്നാള്‍ പാട്ടിന്റെ ഇശലുകളാണെന്ന് തോന്നുന്നു.
മനസ്സിനും മണ്ണിനും ആത്മീയതയുടെ വിശുദ്ധിചൊരിഞ്ഞ നോമ്പുകാലത്തിനൊടുവില്‍ ഒരു നൂറ് ആഹ്ലാദവുമായി വീണ്ടുമൊരു പെരുന്നാളെത്തുകയാണ്. ഒപ്പം മഴയുടെ സുഗന്ധവുമുണ്ട്് കൂട്ടിന്.
സമാനതകളായ രണ്ട് അനുഭൂതികള്‍ ഒരേ സമയം ഹൃദയത്തില്‍ തൊടുമ്പോള്‍ അക്ഷരങ്ങള്‍ അക്ഷമരാകുന്നു. വര്‍ണ്ണനകള്‍ക്ക് വേണ്ടി അത് വിരലുകളെ പിടിച്ചു തള്ളുകയാണ്.
മഴക്കാലത്തെ ഒരു പെരുന്നാളിനെ, അല്ലെങ്കില്‍ പെരുന്നാള്‍ കാലത്തെ മഴയെ ഞാനെങ്ങനെയാണ് നിര്‍വ്വചിക്കേണ്ടത്. രണ്ടും കാത്തുകാത്തിരുന്നെത്തുന്ന അതിഥിയാണ്. രണ്ടും മനസ്സിനെ വല്ലാതെ തണുപ്പിച്ചുകളയും.
പുത്തനുടുപ്പണിഞ്ഞ് പുത്തന്‍ ബൈക്കില്‍ ചെത്തി പായുമ്പോള്‍ മഴ അലോസരമാണ്. പുതിയ കുപ്പായവും പുതിയ ഷൂവുമെല്ലാം നനഞ്ഞ് കുതിരുമ്പോള്‍ വല്ലാത്തൊരു വേവലാതി തോന്നും. പക്ഷെ, അപ്പോഴും എനിക്കെന്റെ മഴയെ ശപിക്കാനാവുന്നില്ല.
ജീവിതത്തില്‍ ആദ്യമായി മഴയും പെരുന്നാളും ഒന്നിച്ചെത്തിയത് പോയവര്‍ഷമായിരുന്നു. അതിരാവിലെ തുടങ്ങിയ ചാറ്റല്‍ മഴ അന്തിമോന്തിവരെ പാട്ടുപാടി നിന്നപ്പോള്‍ ആഹ്ലാദങ്ങളത്രയും മഴയില്‍കുതിര്‍ന്ന് തീരുകയായിരുന്നു. രാവിലെ പള്ളിയില്‍പോകുമ്പോള്‍ ഷറവാണിയും ഷാളും, പിന്നെ കുറച്ച് നേരത്തേക്ക് വെള്ളമുണ്ടും കോട്ടന്‍ജീന്‍സ് ഷര്‍ട്ടുമിട്ട് ഒരു നേതാവിന്റെ വേഷം, ഉച്ചയോടെ അത് കാഷ്വലിലേക്ക് മാറണം, വൈകിട്ട് എക്‌സിക്യൂട്ടീവ് ലുക്കുമായി ബേക്കലത്തെ കോട്ട ചുറ്റാന്‍ ഒരു യാത്ര…ആഴ്ചകള്‍ക്കുമുമ്പേ കണക്കുകൂട്ടിവെച്ച ഈ സ്വപ്നങ്ങള്‍ക്കുമേലെ മഴതോരാതെ പെയ്തപ്പോള്‍ നിസഹനായ കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കുവാനായിരുന്നു വിധി.
എടാ, വീട്ടില്‍ വരുന്നില്ലേട എന്ന ചോദ്യവുമായി പെങ്ങളുടെ വിളിവരുമ്പോഴേക്ക് ഒരു പെരുന്നാള്‍ അതിന്റെ പകുതി പിന്നിട്ടിരുന്നു. പിന്നെ തലങ്ങും വിലങ്ങുമായി കൂട്ടുകാരുടെ കോളുകള്‍, എന്താട ചെയ്യുന്നത്, എവിടെയാ പോവുന്നത്(?) ഒരു ചോദ്യത്തിനും ഉത്തരം നല്‍കാനാവാതെ വാട്ട്പത്തലിന്റെ രുചിയറിഞ്ഞ് ഞാന്‍ ഉമ്മയുടെ അരികിലിരുന്ന് പിന്നെയും മഴയുടെ സൗന്ദര്യം ആസ്വദിച്ചു. കോട്ടണ്‍ ഷര്‍ട്ടും കാഷ്വലും എക്‌സിക്യൂട്ടീവുമെല്ലാം അപ്പോഴുമെന്നെ മിഴിച്ചുനോക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ വൈകുന്നേരമെന്നോ മഴ ഇത്തിരിതോര്‍ന്നപ്പോള്‍ കൂട്ടുകാരോടൊത്ത് വണ്ടി വിട്ടു, പറഞ്ഞിട്ടെന്ത്, പെരുവഴിയിലെവിടെവെച്ചോ പെരുമഴയുമെത്തി. പിന്നെ രാവേറുവോളം വിജനമായൊരു ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ മഴതുള്ളികളുടെ കണക്കെടുത്ത് ഞാനെന്റെ പെരുന്നാളിനെ മഴകള്‍ക്കുമാത്രമായി സമര്‍പ്പിച്ചു.
എന്തൊക്കെ കണക്കുകൂട്ടലായിരുന്നു, എന്തൊക്കെ പ്രതീക്ഷയായിരുന്നു. അതൊക്കെയും മഴയില്‍ കുതിര്‍ന്ന് തീര്‍ന്നപ്പോള്‍ വല്ലാത്ത സങ്കടം തോന്നിപ്പോയി. പിന്നെ മനസ് തന്നെ സ്വയം സമാധാനിപ്പിച്ചു. ഇതും ജീവിതത്തിന്റെ ഭാഗമല്ലേ, അടിപൊളി മാത്രം ശീലിച്ചതുകൊണ്ടായിരിക്കാം അതിന് നേരിയൊരു തിരിച്ചടിയുണ്ടായാല്‍പ്പോലും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതാവുന്നത്.

അല്ലെങ്കിലും എന്റെ മഴയെ ശപിക്കാന്‍ എനിക്കാകുമോ(?) എന്റെ മഴയെകുറ്റപ്പെടുത്താന്‍ എനിക്ക് കഴിയുമോ(?) ഇനിയും നാലഞ്ചു വര്‍ഷം പെരുന്നാളും മഴയും ഒരേ സമയത്തായിരിക്കും. ഇനിയും ഒരുപാട് പെരുന്നാള്‍ ഇതുപോലെ മഴയില്‍ കുതിരുമായിരിക്കും. (കാലാവസ്ഥയുടെ വ്യധിയാനം എല്ലാം തകിടം മറിക്കുമെന്ന മുന്നറിയിപ്പില്‍ ഇനി പഴയപോലെ മഴയുണ്ടാവില്ലെന്ന ആശങ്ക എവിടെയെക്കെയോ ഭീതിനിറക്കുന്നുണ്ട്) പക്ഷെ, എനിക്ക് മഴയെ ഇഷ്ടമാണ്. രണ്ട് ആഹ്ലാദങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ആഹ്ലാദമായി മാറുന്ന ആ നിമിഷത്തിന് സാക്ഷിയാവാന്‍ കഴിയുക എന്നത് വലിയ പുണ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പെരുന്നാളുടുപ്പുകള്‍ മാത്രമല്ല, ഏതൊക്കെയോ നാടുകളിലെ ഏതൊക്കെയോ സപ്ലിമെന്റുകളില്‍ ഞാനെഴുതിയ ലേഖനങ്ങളും എന്റെ കവിതകളും മഴനനഞ്ഞ് കീറിപറിഞ്ഞിട്ടുണ്ടാവും. പക്ഷെ, അപ്പോഴും എന്റെ മഴയെ എനിക്കിഷ്ടമാണ്….
മഴ വന്നാല്‍ ഞാന്‍ മഴയെ മാത്രം നോക്കിയിരിക്കും, അത് തന്നെയാണെന്റെ പെരുന്നാളെന്ന് ഞാനെന്റെ ബ്ലോഗില്‍ കുറിച്ചുവെച്ചപ്പോള്‍ നിഹാലിന്റെ കമന്റ് നിന്റെ ഭ്രാന്ത് മാറിയിട്ടേയില്ല അല്ലേട…ഭ്രാന്തായിരിക്കാം, പക്ഷെ, മഴയെ സ്‌നേഹിക്കുന്ന ഭ്രാന്തനാവാനാണെനിക്കിഷ്ടം…ഫേസ് ബുക്കിലെ ഷാക്കിയും ഫര്‍ഹാനും ഇന്‍ ബോക്‌സില്‍ വന്ന് ചോദിച്ചു എന്താട പെരുന്നാളിന്റെ പ്ലാന്‍…എന്ത് പ്ലാന്‍ നിങ്ങളൊക്കെ പാന്റും ഷര്‍ട്ടുമാത്രമെടുക്കുമ്പോള്‍ ഞാന്‍ ഒരു റെയിന്‍ കോട്ട് കൂടി എടുക്കും. ഈ മഴയത്ത് ബൈക്കോട്ടി ഞാനെന്റെ പെരുന്നാളിനെ ആഘോഷിച്ച് തീര്‍ക്കുമെന്ന് രണ്ട് വരി റിപ്ലേ നല്‍കി ഞാനെന്റെ മഴപ്രേമം പറഞ്ഞറിയിച്ചു.
മഴ സങ്കടത്തിന്റെതാണ്, ഇല്ലായ്മയുടെയും വല്ലായ്മയുടെയും പോയകാലത്തെ അത് ഓര്‍മ്മിപ്പിക്കും. പെരുന്നാളിനും അതേ മുഖമുണ്ട്. കൂട്ടുകാരൊക്കെ അടിപൊളി വസ്ത്രമിട്ട് വിലസുമ്പോള്‍ വില കുറഞ്ഞ ഉടുപ്പണിഞ്ഞ് അവര്‍ക്കുമുന്നില്‍ ചെറുതായിപ്പോയകാലം. എന്റെ മോന്‍ ബേജാറാവരുതെന്ന് പറഞ്ഞ് ഓരോ പെരുന്നാളിനും ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും ഉടുപ്പുകള്‍ വാങ്ങി തരുന്ന ഉമ്മയുടെ സ്‌നേഹം മഴപോലെ ആര്‍ദ്രത നിറഞ്ഞതാണെനിക്ക്. എവിടെ നിന്നൊക്കെയോ കിട്ടുന്ന തുണ്ട് കാശുകള്‍ സ്വരൂപിച്ച് കൂട്ടി ഉമ്മ വാങ്ങിച്ചു തന്ന ആ ഉടുപ്പുകളോളം സംതൃപ്തി തന്ന മറ്റൊന്നും ഞാനിതുവരെ അണിഞ്ഞിട്ടേയില്ല. ബാല്യം വിട്ട് ബാല്യക്കാരനായി, ഉമ്മയെ പൊന്നുപോലെ നോക്കണമെന്ന മോഹം ഒരു പരിധിവരെയെങ്കിലും സഫലമായി. പക്ഷെ, ആ കനിവിന് പകരം നല്‍കാന്‍ മാത്രം എന്റെ കയ്യില്‍ ഒന്നുമില്ല. എത്ര പൊന്നിട്ടുമൂടിയാലും അതിന് പകരമാവില്ല, ഉമ്മ തന്നെ സ്‌നേഹം വീട്ടാനാവാത്ത കടമായി അങ്ങനെ കിടക്കുകയാണിപ്പോഴും…
പറയാന്‍ ജോലിയും കയ്യില്‍ കാശുമില്ലാതിരുന്ന ഒരുനോമ്പുകാലത്ത് വാട ഈ പെരുന്നാളിനുള്ള ഡ്രസ്സ് എന്റെ വകയാണെന്നു പറഞ്ഞ് പ്രിയകൂട്ടുകാരന്‍ എ.കെ.എം.അഷറഫ് വാങ്ങിച്ചുതന്ന കുപ്പായം കരുണയുടെയും കടപ്പാടിന്റെയും അടയാളമായി എന്റെ അലമാരയില്‍ ഇപ്പോഴുമുണ്ട്. അതിനിടയിലെപ്പെഴോ ആണ് ഒരനുഗ്രഹം പോലെ ഹനീഫിച്ചയെ പരിചയപ്പെടാന്‍ കഴിഞ്ഞത്. സ്‌നേഹത്തിന്റെ നോമ്പ് തുറയോടൊപ്പം ഹനീഫിച്ച വാങ്ങിച്ചുതരുന്ന പെരുന്നാള്‍ ഡ്രസ്സുകള്‍ എനിക്ക് കേവലമൊരു സമ്മാനം മാത്രമായിരുന്നില്ല മറിച്ച് ഇല്ലായ്മയുടെ നോവുകളിലേക്കുള്ള ആഹ്ലാദത്തിന്റെ നൂലുകോര്‍ക്കലായിരുന്നു.
മഴയും പെരുന്നാളും സങ്കടവും ആഹ്ലാദവും ഒത്തുചേര്‍ന്ന എന്തോ ഒന്നാണ്. അതുകൊണ്ട് തന്നെയാണ് പെരുന്നാളിനോട് ഒട്ടിച്ചേര്‍ന്ന മഴക്കാലത്തെ ഞാന്‍ അത്രമേല്‍ സ്‌നേഹിക്കുന്നത്…

 

KCN

more recommended stories