തോക്കുകൾ താഴെവച്ച് കലപ്പയെടുക്കൂ; കശ്മീർ പ്രക്ഷോഭകാരികളോട് മോദി

modiഅലിരാജ്പൂർ (മധ്യപ്രദേശ്) ∙ തോക്കുകൾ താഴെവച്ച് കലപ്പയെടുക്കാന്‍ കശ്മീര്‍ പ്രക്ഷോഭകാരികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇതിലൂടെ ജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം കശ്മീരിനെ കൂടുതല്‍ ഹരിതാഭമാക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കാന്‍ കശ്മീരിലെ യുവജനങ്ങള്‍ തയാറാകണം. ലാപ്ടോപ്പും ക്രിക്കറ്റ് ബാറ്റും ബോളും കയ്യിൽപിടിക്കേണ്ട യുവാക്കൾ അതിനുപകരം കല്ലുകൾ കയ്യിൽപിടിക്കുന്നതു കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നു മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരനും കശ്മീരിനെ സ്നേഹിക്കുന്നുണ്ട്. കശ്മീരിന്റെ പാരമ്പര്യത്തിനു കളങ്കമുണ്ടാക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ഓരോ യുവാക്കൾക്കും മികച്ച ഭാവിയുണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ വേണ്ട എല്ലാ സഹായവും കേന്ദ്രം നൽകും. ജമ്മു കശ്മീരിന്റെ വികസനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. വികസനത്തിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ജനാധിപത്യത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ സംഘർഷം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് വിഷയത്തിൽ മൗനം വെടിഞ്ഞ് നരേന്ദ്ര മോദി അഭിപ്രായ പ്രകടനം നടത്തിയത്. കശ്മീർ ജനങ്ങളുമായി കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, കശ്മീരിൽ തുടരുന്ന സംഘർഷത്തെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപി സർക്കാർ കടുത്ത ആരോപണങ്ങളും നേരിട്ടിരുന്നു.ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കശ്മീരിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ അൻപതിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണണക്കിനുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

KCN

more recommended stories