ബവ്റജസിനു മുന്നിലെ ക്യൂ ഒഴിവാക്കുന്നു; ഇഷ്ടമുള്ള മദ്യം സ്വയം തിരഞ്ഞെടുക്കാം!

beverage qതിരുവനന്തപുരം ∙ ബവ്റജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലെ ക്യൂ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ബവ്റജസ് കോര്‍പ്പറേഷന്‍ തയാറെടുക്കുന്നു. ക്യൂ സമ്പ്രദായം അപരിഷ്‌കൃതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. ബവ്റജസ് ഒൗട്ട്‌ലറ്റില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും ബവ്റജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുനേരെ മോശം പെരുമാറ്റമുണ്ടാകുന്നതും കൂടി കണക്കിലെടുത്താണു നടപടി. ജനത്തിരക്കുള്ള ബവ്റജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലെ ക്യൂ ഒഴിവാക്കാനായി ഓണത്തിന് മുന്‍പ് കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. ഇതിനുശേഷം തിരക്കുള്ള ഔട്ട്‌ലറ്റുകള്‍ പരിഷ്‌ക്കരിക്കുന്ന നടപടികള്‍ ആരംഭിക്കും. തിരക്കുള്ള ഔട്ട്‌ലറ്റുകളെ, മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള മദ്യം സ്വയം തിരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ പ്രീമിയം കൗണ്ടറുകളാക്കാനാണ് പദ്ധതി. ബവ്റജസ് കോര്‍പ്പറേഷന് ഇപ്പോള്‍തന്നെ പ്രീമിയം കൗണ്ടറുകളുണ്ടെങ്കിലും അവ എണ്ണത്തില്‍ കുറവാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ തിരക്കുള്ള ഔട്ട്‌ലറ്റുകള്‍ പ്രീമിയം കൗണ്ടറാക്കി മാറ്റുന്നതാണ് പദ്ധതി. ഇതിനായി സ്ഥല സൗകര്യമുള്ള ഔട്ട്‌ലറ്റുകളില്‍ ബവ്റജസ് കോര്‍പ്പറേഷന്‍ പരിശോധന ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലറ്റുകള്‍ പ്രീമിയം കൗണ്ടറുകളാക്കി മാറ്റും. ഇതോടെ മദ്യം വാങ്ങാന്‍ റോഡരികില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയും മാറും. ‘പല ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലും വലിയ ക്യൂവാണ്. ഇതു ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പുതുതായി ഷോപ്പുകള്‍ തുറക്കുന്നില്ല, നിലവിലെ ഷോപ്പുകളാണ് പരിഷ്കരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തിന് അനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്- ബവ്റജസ് കോര്‍പ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 338 ഷോപ്പുകളും, 22 വെയര്‍ഹൗസുകളുമാണ് ബവ്റജസ് കോര്‍പ്പറേഷനുള്ളത്. ബവ്റജസ് കോര്‍പ്പറേഷന്റെ 87 എഫ്എല്‍1 ഷോപ്പുകള്‍ ദേശീയപാതയോരത്താണ് പ്രവര്‍ത്തിക്കുന്നത്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദേശീയപാതയ്ക്കരികില്‍നിന്ന് ബവ്റജസ് ഷോപ്പുകള്‍ മാറ്റുന്നതിന് അനുയോജ്യമായ കെട്ടിടം ലഭിക്കുന്നതിനുള്ള നടപടികളും കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories