വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസ് : അക്ഷയകേന്ദ്രം ഉടമ അറസ്റ്റില്‍

vyaja-copyമഞ്ചേശ്വരം: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ ഒരു പ്രതി പോലീസ് പിടിയിലായി. അക്ഷയ കേന്ദ്രം ഉടമയായ കുമ്പള ബന്തിയോട്ടെ അഷ്റഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. അഷ്‌റഫിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ജനനസര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ പഞ്ചായത്ത് ഓഫീസ് ദുരുപയോഗം ചെയ്തതിനെതിരെ പഞ്ചായത്ത് സെക്രട്ടറി പവിത്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

വ്യാജസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മൂന്നുകേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഞ്ചായത്ത് നല്‍കിയ അതേ നമ്പറില്‍ നാല് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്തെ ഒരു അക്ഷയകേന്ദ്രം വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. ഈ അക്ഷയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനാണ് അഷ്റഫ്.

അതിനിടെ കേസില്‍ പ്രതികളായ സ്ത്രീകള്‍ പോലീസിന് പിടികൊടുക്കാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം. നിലവിലെ ഒരു പഞ്ചായത്ത് മെമ്പര്‍ക്കും മുന്‍പഞ്ചായത്തംഗത്തിനും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

 

KCN

more recommended stories