സ്വാതന്ത്ര്യ സമരസേനാനി കെ മാധവന് അന്ത്യാജ്ഞലി

homstyle-copyകാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായ കെ മാധവന്‍ അന്തരിച്ചു. 102 വയസായിരുന്നു. കാസര്‍കോട് നെല്ലിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ഉപ്പുസത്യാഗ്രഹത്തിലും, ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു കാഞ്ഞങ്ങാട്ടുകാരുടെ പ്രിയപ്പെട്ട മാധവേട്ടന്‍. ഗാന്ധീയന്‍ കമ്യൂണിസ്റ്റ് എന്നാണ് മാധവേട്ടന്‍ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ പോരാട്ടങ്ങളുടെ നിറസാന്നിധ്യമാണ് കെ മാധവേട്ടന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. ഉപ്പ് സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത് ജീവിച്ചിരുന്ന ഏക വ്യക്തികൂടിയായിരുന്നു കെ മാധവന്‍.രാവിലെ 10 മണിക്ക് മൃതദേഹം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സ്വവസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എറിയപ്പെടുന്ന തികഞ്ഞ ഗാന്ധിയനും കമ്മ്യൂണിസ്റ്റുമാണ് കാഞ്ഞങ്ങാട്ടുകാര്‍ മാധവേട്ടനെന്ന് വിളിക്കുന്ന കെ മാധവന്‍. ജന്മി കുടുംബത്തില്‍ നിന്നും ദേശീയ പ്രസ്ഥാനത്തിലെത്തിയ കമ്മ്യൂണിസ്റ്റ്. 1930 ല്‍ കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പുസത്യഗ്രഹ ജാഥയിലെ വോളണ്ടിയര്‍മാരില്‍ ജീവിച്ചിരുന്ന ഏക അംഗം. ഗുരുവായൂര്‍ഡ സത്യാഗ്രഹത്തില്‍ പങ്കെടുത്ത ജീവിച്ചിരുന്ന അവസാനവ്യക്തി,കയ്യൂര്‍ സമരം നടക്കുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി.. അങ്ങനെ നിരവധി വിശേഷണങ്ങളോടെ ദേശത്തിന്റെ ചരിത്രവഴികളില്‍ ഒരു നിത്യസാന്നിദ്ധ്യമായിരുന്നു മാധവേട്ടന്‍

1915 ല്‍ കാഞ്ഞങ്ങാടിനടുത്തെ മടിക്കൈ ഗ്രാമത്തിലെ പ്രശസ്തമായ ഏച്ചിക്കാനം എന്ന ജന്മി കുടുംബത്തിലായിരുന്നു ജനനം, തറവാട്ടിലെ എ സി രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്വാന്‍ പി കേളുനായരുടെ വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തില്‍ സംസ്‌കൃതം പഠിച്ചു. പിന്നീട് 1934ല്‍ എറണാകുളത്തെ ഹിന്ദികോളേജില്‍ നിന്ന് വിശാരദ് പാസ്സായി. പിന്നീട് നീണ്ട കാലത്തെ ജയില്‍ ജീവിതത്തിനിടയിലാണ് മാധവേട്ടന്‍ തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകള്‍ പഠിച്ചത്.

സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ആകൃഷ്ടനായ മാധവേട്ടന്‍ 13ആം വയസില്‍ പയ്യന്നൂരില്‍ നടന്ന 4ാം കെപിസിസി സമ്മേളനത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വളണ്ടിയറായിരുന്നു. 1928 മെയ് 25 മുതല്‍ 27 വരെ പയ്യന്നൂരില്‍ നടന്ന കെപിസിസി സമ്മേളനത്തിലാണ് പൂര്‍ണ്ണ സ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയത്. 15ആം വയസ്സില്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന ഉപ്പ് സത്യാഗ്രഹ ജാഥയിലെ അംഗമായി. കോഴിക്കോട് കടപ്പുറത്ത് ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പോലീസുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 6 മാസം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. തന്റെ സ്വര്‍ണ്ണമോതിരം ഉപ്പ്‌സത്യാഗ്രഹ ഫണ്ടിലേക്ക് കൈമാറി. 17ആം വയസ്സില്‍ ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തില്‍ എകെജിയുടെയും കേളപ്പന്റെയും നിര്‍ദ്ദേശ പ്രകാരം പങ്കെടുത്തു. അയിത്തത്തിനും അനാചാരത്തിനും എതിരെ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹം ഗാന്ധിജി ഇടപെട്ടാണ് അവസാനിപ്പിച്ചത്. കള്ള് ഷാപ്പ് പിക്കറ്റിനെ തുടര്‍ന്ന് 1930 ആഗസ്ത് 20 ന് അറസ്റ്റിലായി. എന്നാല്‍ അന്ന് 15 വയസ്സുണ്ടായിരുന്ന കൊച്ചുമാധവന്‍ തനിക്ക് 19 വയസ്സാണെന്ന് കോടതിയില്‍ വ്യാജമൊഴികൊടുത്ത് സ്വയം ജയില്‍ ശിക്ഷ ഏറ്റുവാങ്ങി.

കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുന്നതിനും ജന്മിത്വത്തിനെതിരായും നടന്ന നെല്ലെടുപ്പ് സമരം, വിളകൊയ്ത്തുസമരം തുടങ്ങിയ ചരിത്രകര്‍ഷക സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു. സ്വാതന്ത്രാനന്തരം മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തമായ നേതൃത്വമായും കെ മാധവന്‍ പ്രവര്‍ത്തിച്ചു. 1957ല്‍ ഹോസ്ദുര്‍ഗില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സമരം നടക്കുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറിയായിരുന്നു കെ മാധവന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഐയിലും പിന്നീട് സിപിഐഎമ്മിലും പ്രവര്‍ത്തിച്ചു. പതിനാറ് വര്‍ഷത്തോളം കാഞ്ഞങ്ങാടിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചു എന്നത് തന്നെ ഒരു ചരിത്രമാണ്. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. കാഞ്ഞങ്ങാട് പി സ്മാരക സമിതി, പി സ്മാരക ട്രസ്റ്റ്, വിദ്വാന്‍ പി സ്മാരക ട്രസ്റ്റ്, എ സി കണ്ണന്‍ നായര്‍ സ്മാരക ദേശീയ പഠന കേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു.

കമ്മ്യൂണിസ്റ്റ് സമരനായകര്‍, സോവിയറ്റ് യൂണിയനില്‍, ഇ കെ നായനാര്‍ അവതാരികയെഴുതിയ ഒരു ഗാമത്തിന്റെ ഹൃദയത്തിലൂടെ, പയസ്വിനിയുടെ തീരത്ത്, ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മകള്‍, എന്നിവ മാധവേട്ടനെഴുതിയ പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലെ കോണ്‍ഗ്രസ്സ്‌കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്നവയാണ്.

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ വടക്കേമലബാറിലെ സമരനിധിയായിരുന്നു കെ മാധവന്‍. നാട് അടിമജീവിതം നയിച്ച ഒരു കാലത്തെക്കുറിച്ചും അതിനെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും പുതുതലമുറയെ അറിയിക്കാന്‍ സദാജാഗരൂകനായിരുന്നു മാധവേട്ടന്‍. ഒടുവില്‍ മാധവേട്ടന്‍ വിട വാങ്ങുമ്പോള്‍, നമുക്ക് നഷ്ടമാകുന്നത് പോരാട്ടത്തിന്റെ ഇതിഹാസത്തെ തന്നെയാണ്, പയസ്വിനിയുടെ തീരത്തെ സൂര്യതേജസിന് വിട..

 

KCN

more recommended stories