ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ 11 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു

collectorകാസര്‍കോട് : ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനുമായി ഒരു കരട് വികസന പദ്ധതി തയ്യാറാക്കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നുളള 11 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു വിന്റെ സാന്നിധ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് 11 അംഗങ്ങളെയും എതിരില്ലാതെ തെരഞ്ഞെടുത്തത്.
11 സീറ്റിലേക്കായി 11 പേര്‍ മാത്രം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വനിതാ സംവരണ സീറ്റിലേക്ക് പുഷ്പ അമേക്കള, പട്ടികജാതി പട്ടികവര്‍ഗ്ഗ ജനറല്‍ വിഭാഗത്തിലേക്ക് എം നാരായണന്‍, വനിതാ സംവരണ സീറ്റിലേക്ക് പി വി പത്മജ, പി സി സുബൈദ, ഫരീദ സക്കീര്‍ അഹമ്മദ്, ഇ പത്മാവതി, ജനറല്‍ സീറ്റുകളിലേക്ക് ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, മുംതാസ് സമീറ, ജോസ് പതാലില്‍, ഡോ.വി പി പി മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ടര്‍മാരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ ദേവയാനി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.നാളെ രാവിലെ 11 മണിക്ക് നഗരസഭ കൗണ്‍സിലര്‍മാരില്‍ നിന്ന് ഒരു വനിത അംഗത്തെ ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുക്കും. മൂന്ന് നഗരസഭകളില്‍ നിന്നായി 113 കൗണ്‍സിലര്‍മാര്‍ക്കാണ് വോട്ടവകാശം ഉളളത്. ഇതോടെ ജില്ലാ ആസൂത്രണ സമിതിയിലേക്കുളള 12 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കളക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജില്ലാ ആസൂത്രണ കമ്മിറ്റി.

 

KCN

more recommended stories