മട്ടന്നൂരുകാര്‍ക്ക് ഇപി എന്നും പ്രിയപ്പെട്ട സഖാവ്

kannan-copyമട്ടന്നൂര്‍: ഇടതുപക്ഷ സര്‍ക്കാരിന് ഇപി ജയരാജന്‍ എന്ന കഥാപാത്രം വില്ലന്‍ പരിവേഷമോ, അതോ നായക പരിവേഷമാകുമോ എന്നത് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ തങ്ങളുടെ മണ്ഡലത്തിലെ നേതാവിന് പിന്നില്‍ സുശക്തമായി ഉറച്ച് നില്‍ക്കുകയാണ് മട്ടന്നൂര്‍ നിവാസികള്‍. മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ഇപി രാജിവെച്ചതെന്നതടക്കം ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും രാജിതീരുമാനം ശരിയായിരുന്നുവെന്നാണ് മണ്ഡലത്തിലെ ജനങ്ങളുടെ പൊതുനിലപാട്.

വലിയ ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി ജയിച്ചുകയറി ഇപി മന്ത്രിയായപ്പോള്‍ മട്ടന്നൂരുകാര്‍ ഏറെ ആഹ്ലാദിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തിന്റെ മന്ത്രിയെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണിവര്‍. എങ്കിലും രാജി തീരുമാനത്തെ എല്ലാവരും അംഗീകരിക്കുന്നു. ഇപി ജയരാജന്റെയും സര്‍ക്കാരിന്റെയും തീരുമാനത്തെ അഭിനന്ദിക്കുകയാണ് മട്ടന്നൂരിലെ സിപിഐഎം അനുഭാവികള്‍.
തനിക്ക് തെറ്റു പറ്റിയെന്ന് തുറന്ന് സമ്മതിച്ച ഇപി ജയരാജന്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് രാജി വെച്ചതെന്ന് ജനങ്ങള്‍ പറയുന്നു.രാജിവെച്ചതിലൂടെ ജയരാജന്‍ പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ത്തിയെന്നും മട്ടന്നൂര്‍ സ്വദേശികള്‍ ഒരേസ്വരത്തില്‍ പറയുന്നു.
ശക്തമായ നിലപാടാണ് പാര്‍ട്ടിയുടേത്, ശക്തമായി തന്നെ ഇപി ജയരാജന്റെ നിലപാടുകളുമെന്ന് ചിലര്‍ വ്യക്തമാക്കുമ്പോള്‍ ഏതാനും കാലമായി ഇടതുപക്ഷ മന്ത്രിസഭയില്‍ ഏറിയ വാര്‍ത്താ പ്രാധാന്യം നേടിയ ഇ പി ജയരാജന്‍, അത്ര പെട്ടെന്നൊന്നും തളരില്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ഇത് യുഡിഎഫ് അല്ല, എല്‍ഡിഎഫാണെന്ന് ചിലര്‍ പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജനെ പിന്തുണയ്ക്കുമ്പോള്‍, കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ കെ ബാബുവിനെയും മറ്റ് മന്ത്രിമാരെയും ഉദ്ദാഹരിച്ചാണ് ചിലര്‍ വാദിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ക്ക് ഇടവരുത്താതെ അയാള്‍ സ്വയം രാജിവെച്ചത് പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള കടപ്പാടാണെന്ന് ചിലര്‍ ശക്തമായി വാദിച്ചു. അന്വേഷണം നടത്തുന്നത് വരെ അയാള്‍ കുറച്ച് നാള്‍ മാറി നില്‍ക്കുക മാത്രമാണെന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് മട്ടന്നൂരിലുള്ളത്.
എന്നാല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇ പി രാജി വെച്ചതെന്ന നിലപാട് ഉന്നയിക്കുന്നവരുമുണ്ട്. നൂറുദിവസം പിന്നിട്ടയുടന്‍ മന്ത്രി രാജിവെച്ചത് സര്‍ക്കാരിന് ക്ഷീണമായെന്ന അഭിപ്രായവും ചിലര്‍ പങ്കുവെച്ചു. മന്ത്രിയായപ്പോള്‍ ഇപി മണ്ഡലത്തെ മറന്നുവെന്ന് വാദിക്കുന്നവരുമുണ്ട്.

നേരത്തെ, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെ അനുകൂലിച്ച് ആരും രംഗത്ത് വന്നില്ല. അന്വേഷണം കഴിയുംവരെ ജയരാജന്‍ മാറിനില്‍ക്കട്ടെ എന്നായിരുന്നു സെക്രട്ടേറിയേറ്റിലുയര്‍ന്ന പൊതുനിലപാട്. അതിനുശേഷം ആവശ്യമെങ്കില്‍, ജയരാജന് തിരിച്ചുവരാമെന്നും അഭിപ്രായമുയര്‍ന്നു. സിപിഐഎം അണികള്‍ക്കിടയില്‍ വലിയ അവ്യക്തത പരത്താന്‍ ജയരാജന്‍ വിഷയം പ്രതിപക്ഷവും മാധ്യമങ്ങളും ഉപയോഗിച്ചുവെന്നും അഭിപ്രായമുയര്‍ന്നു. യോഗത്തിനിടെ തന്റെ നിലപാട് വിശദീകരിക്കാന്‍ മുതിര്‍ന്ന ജയരാജനെ മുഖ്യമന്ത്രി തടഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഏത് തീരുമാനവും സ്വീകാര്യമാണെന്നു ജയരാജന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭരണപരവും സംഘടനാപരവുമായ നടപടി ഒഴിവാക്കാനാവില്ലായിരുന്നു.
അതേസമയം ജയരാജന്റേതടക്കമുള്ള അനധികൃത ബന്ധുനിയമനങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാവും അന്വേഷണം നടത്തുക. ബന്ധുനിയമനത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരായ അന്വേഷണവശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിജിലന്‍സ് ആസ്ഥാനത്ത് ഇന്ന് യോഗം ചേരുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറും, ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

 

KCN

more recommended stories