പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ജില്ലാതല ശില്‍പ്പശാല

rajadhani-copyകാസര്‍കോട് : കര്‍ണാടകയിലെ പട്ടികജാതിക്കാരായ പെണ്‍കുട്ടികളെ കേരളത്തില്‍ വിവാഹം ചെയ്തു കൊണ്ടുവന്നാല്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടാണ്? പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാലതാമസമെന്താണ്? പട്ടികജാതിവികസനവകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തോടനുബന്ധിച്ച് ജാതീയതയില്‍ നിന്നും മാനവികതയിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശില്പശാലയിലാണ് എ ഡി എമ്മിനും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളും കോളനിവാസികളും സംശയങ്ങള്‍ ഉന്നയിച്ചത് . തൃപ്തികരമായ മറുപടിയുമായി ഉദ്യോഗസ്ഥരും രംഗത്തെത്തി. സംസ്ഥാനത്ത് പട്ടികജാതിയില്‍ ഉള്‍പ്പെടുന്ന ജാതികളെ കുറിച്ചും വിവരിച്ചു. കാസര്‍കോട് ജില്ലയില്‍ 18 പട്ടിക വര്‍ഗ വിഭാഗങ്ങളുള്ളതില്‍ 13 വിഭാഗം ജില്ലയുടെ തനത് വിഭാഗമാണെന്നും എ ഡി എം കെ അംബുജാക്ഷന്‍ പറഞ്ഞു. പട്ടികജാതി കോളനികളില്‍ കൂട്ടായ്മകള്‍ രൂപപ്പെടണം. പി എസ് സി പരീക്ഷാ പരിശീലനത്തിനും തൊഴില്‍പരിശീലനത്തിനും പദ്ധതികള്‍ക്ക് രൂപം നല്‍കണം. സേവനാവകാശ നിയമത്തിന്റേയും വിവരാവകാശനിയമത്തിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നതിനാല്‍ കാലതാമസം പരിഹരിക്കപ്പെടുന്നുണ്ടെന്നും എ ഡി എം പറഞ്ഞു
കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ശില്‍പശാല നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സി എം രവീന്ദ്രന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് അണങ്കൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനി തേജസ്വിയ്ക്ക് അദ്ദേഹം സമ്മാനിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പൊതുസമൂഹത്തിന്റെ ഒരുമയും സഹകരണവും അനിവാര്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. കുഞ്ഞമ്പു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കുഞ്ഞിരാമന്‍, കൗണ്‍സിലര്‍ കെ വേലായുധന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ ജി വിജയപ്രസാദ് സ്വാഗതവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് അസി എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരനും പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസനഓഫീസര്‍ പി ബി ബഷീറും ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരികാക്ഷ, റിട്ട. അസി പട്ടികജാതി വികസന ഓഫീസര്‍ ലീലാവതി, പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍, പട്ടികജാതി പ്രമോട്ടര്‍മാര്‍ കോളനിവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

KCN

more recommended stories