അതിര്‍ത്തിയില്‍ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

rajadhani-copyശ്രീനഗര്‍: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ ഏഴ് പാക് സൈനികരേയും ഒരു ഭീകരനേയും ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികരേയും ഭീകരനേയും വധിച്ചത്.

അതേസമയം അതിര്‍ത്തിയിലെ പുതിയ സ്ഥിതിവിശേഷത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തോട് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ന് രാവിലെ പാക് സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു. ഹിരാനഗര്‍ മേഖലയിലെ ബോബിയ പോസ്റ്റിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ഒരു ബിഎസ്ഫ് ജവാന് പരുക്കേറ്റിരുന്നു. ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാകിസ്താനി റേഞ്ചര്‍ കൊല്ലപ്പെട്ടിരുന്നു.
നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യന്‍ സൈനിക പ്രത്യാക്രമണത്തിന് ശേഷം 32 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് പാകിസ്താന്‍ ഇന്നലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രജൗരിയിലെ ബിജി സെക്ടടറിലുണ്ടായ പാക് വെടിവെയ്പ്പിലും ഒരു ഇന്ത്യന്‍ ജവാന് പരുക്കേറ്റിരുന്നു.
നേരത്തെ ബാരാമുള്ളയില്‍ നടന്ന പരിശോധനയില്‍ ഭീകരവാദ ബന്ധം സംശയിച്ച് 44 പേരെ സൈന്യം അറസ്റ്റ് ചെയ്യുകയും റെയ്ഡില്‍ പാക്‌ചൈനീസ് പതാകകളും സ്‌ഫോടകവസ്തുക്കളും വീണ്ടെടുക്കുകയും ചെയ്തിരുന്നു. അതേസമയം പോലീസുകാരില്‍ നിന്നും മോഷ്ടിച്ച തോക്കുമായി ഹിസ്ബുള്‍ തീവ്രവാദികളുടെ വീഡിയോ പുറത്ത് വന്നതും മേഖലയില്‍ സുരക്ഷ ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

KCN

more recommended stories