ജലചൂഷണം പരിശോധന തുടങ്ങി അനധികൃതമായി മോട്ടോര്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി

parishodhana copy

കാസര്‍കോട് : ജില്ലയിലെ നദികളില്‍ നിന്നും അമിതമായി ജലം ചൂഷണം ചെയ്യുന്നത് കണ്ടെത്താനുളള പരിശോധന ആരംഭിച്ചു. ജലസേചനം, കൃഷി, കെഎസ്ഇബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദേലംപാടി പഞ്ചായത്തില്‍ പയസ്വിനി പുഴയുടെ കരയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രിക് മോട്ടോറുകള്‍ സംയുക്തമായി പരിശോധിച്ചു. ഇവിടങ്ങളിലെ മോട്ടോറുകള്‍ ഉപയോഗിച്ച് ക്രമാതീതമായി വെളളം പമ്പ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായി പരിശോധനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് എച്ച് പി മുതല്‍ 20 എച്ച് പി വരെ കുതിരശക്തിയുളള മോട്ടോറുകള്‍ വെളളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.കേരള ഇറിഗേഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ ആക്ട് -2003 പ്രകാരം അഞ്ച് എച്ച് പിയ്ക്ക് മുകളിലുളള മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. അനുമതി ഇല്ലാതെ മോട്ടോര്‍ ഉപയോഗിക്കുകയും അമിത ജലചൂഷണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ദിനംപ്രതി മണിക്കൂറുകളോളം മോട്ടോറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നത് ജലചൂഷണമാണ്. ചില മോട്ടോറുകള്‍ ആധുനിക രീതിയിലുളള മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. മിക്ക മോട്ടോറുകള്‍ക്കും സൗജന്യമായാണ് വൈദ്യുതി ലഭിക്കുന്നത്. ഇതിനാല്‍ ദുരുപയോഗം ഏറെ വര്‍ദ്ധിക്കുന്നു. കൃഷിക്കാര്‍ക്ക് ജല-ഉപഭോഗത്തെക്കുറിച്ച് ധാരണ ഇല്ലാത്തത് പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

കര്‍ണ്ണാടകയിലെ കൃഷി സ്ഥലത്ത് സ്ഥാപിച്ച മോട്ടോറുകള്‍ ഉപയോഗിച്ച് കേരളത്തിന്റെ പരിധിയിലുളള നദിയില്‍ നിന്നും വെളളം അനധികൃതമായി പമ്പ് ചെയ്യുന്നത് കണ്ടെത്തി. എല്ലാ നദികളിലെയും പരിശോധന പൂര്‍ത്തിയായ ശേഷം വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ കഴിഞ്ഞ ജില്ലാവികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ട പ്രകാരം ജില്ലാ കളക്ടറാണ് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.

 

KCN

more recommended stories