വിളനാശം: നഷ്ടപരിഹാരം ആറിരട്ടി വരെ കൂടും

കോഴിക്കോട്: കര്‍ഷകര്‍ക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരം വിളകള്‍ക്കനുസരിച്ച് ആറുമടങ്ങുവരെ വര്‍ധിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. അടുത്ത കാര്‍ഷിക സീസണ്‍ മുതല്‍ പദ്ധതി നടപ്പാക്കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കും. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടിയില്‍ കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്യവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി കൃഷിക്കാര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ കാര്‍ഷികവിളകള്‍ ഇന്‍ഷുര്‍ ചെയ്യണമെന്നത് നിര്‍ബന്ധമായിരുന്നില്ല. ഇന്‍ഷുറന്‍സ് എടുപ്പിക്കുന്നതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് കര്‍ഷകരെ കാണും. നഷ്ടപരിഹാരം കൂടുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും വര്‍ധനയുണ്ടാകും. നിലവില്‍ വാഴയ്ക്ക് അഞ്ചുരൂപയാണ് പ്രീമിയം. നഷ്ടപരിഹാരം 50 രൂപയും. നഷ്ടപരിഹാരം 300 രൂപയാകുമ്പോള്‍ പ്രീമിയം ഏഴുരൂപയായി കൂടും.

ഒരു ഹെക്ടര്‍ നെല്‍ക്കൃഷിക്ക് ഇന്‍ഷുറന്‍സ് അടക്കം ഇപ്പോള്‍ ലഭിക്കുന്ന 25,000 രൂപ 35,000 രൂപയാക്കും. 100 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്ന എല്ലാവര്‍ക്കും ഇതു ലഭ്യമാക്കും. നെല്ല് പ്രാദേശികാടിസ്ഥാനത്തില്‍ ബ്രാന്‍ഡ് ചെയ്ത് അവിടെത്തന്നെ അരിയാക്കും. പദ്ധതിക്കായി മില്ലുകള്‍ സ്ഥാപിക്കാന്‍ അടുത്ത ബജറ്റില്‍ ഫണ്ട് അനുവദിക്കും. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒമ്പതുമാസത്തിനിടെ 15,000 ഏക്കര്‍ തരിശുനിലത്ത് കൃഷിയിറക്കി. വരള്‍ച്ച തിരിച്ചടിയായി. ഉത്പാദനം ഉയര്‍ത്താനായില്ല. അഞ്ചുവര്‍ഷംകൊണ്ട് നെല്ലുത്പാദനം ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വരള്‍ച്ചയില്‍ ആകെ 30,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഇതില്‍ 27,000 ഹെക്ടര്‍ നെല്‍ക്കൃഷിയാണ്. ഇതുമൂലം സംസ്ഥാനത്ത് ഒന്നരലക്ഷം ടണ്‍ അരിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ അമുല്‍ മാതൃകയില്‍ കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മയുണ്ടാക്കും. പഞ്ചായത്ത്, ജില്ല, സംസ്ഥാനതലത്തില്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതില്‍ 40 ശതമാനവും ചെറുപ്പക്കാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്നു. കാര്‍ഷികമേഖലയില്‍ ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കും. ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് 27 ശതമാനം കൂടുതല്‍ തുക വകയിരുത്തി.

KCN

more recommended stories